എ.ജെ. വിൻസൻ
അരിന്പൂർ: സഹപാഠിയുടെ അമ്മയുടെ വൃക്കശസ്ത്രക്രിയ്ക്കു പണം സ്വരൂപിക്കാൻ വിദ്യാർത്ഥികൾ ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയത് സ്നേഹം കൊണ്ടെഴുതുന്ന ആയിരം പേനകൾ. ഉപയോഗശേഷം വലിച്ചെറിയുന്ന ഈ പേനകളിലെ വിത്തു മുളച്ച് ചെടികളാവും.
തീർന്നില്ല, പേനനിർമാണത്തിനു പരിശീലനം നൽകാൻ ഭിന്നശേഷിക്കാരനായ രാജു, ചേലക്കരയിൽനിന്ന് സ്കൂ ട്ടറോടിച്ചെത്തിയത് 60 കിലോമീറ്റർ. ഭാര്യയെ പിറകിലിരുത്തി സ്കൂട്ടറിൽ വീൽചെയറും കെട്ടിവച്ചായിരുന്നു ഈ യാത്ര.അരിന്പൂർ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ അമ്മയ്ക്കു വൃക്കശസ്ത്രകിയ നടത്താൻ വേണ്ടിവരുന്ന ചെലവിലേക്കു സ്കൂളിൽനിന്നും ധനശേഖരണം നടത്തിയിരുന്നു.
എന്നാൽ, കൂടുതൽ പണം കണ്ടെത്താൻ വിദ്യാർത്ഥികളും അധ്യാപകരും കണ്ടെത്തിയ മാർഗമായിരുന്നു പരിസ്ഥിതിസൗഹൃദ പേനനിർമാണവും വിപണനവും. ഇതിനായി സ്കൂളിലെ ജൂണിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾക്കു പേനനിർമാണത്തിൽ പരിശീലനം നൽകുന്നതിനാണ് അധ്യാപകരുടെ ക്ഷണപ്രകാരം ഭിന്നശേഷിക്കാരനായ രാജു എത്തിയത്.
ട്യൂബിൽ വർണക്കടലാസ് ചുറ്റി നിർമിക്കുന്ന പേനയ്ക്കുള്ളിൽ ഓരോ പച്ചക്കറിവിത്തുകൂടി വച്ചിട്ടുണ്ട്. ഉപയോഗശേഷം വലിച്ചെറിയുന്ന പേനയിലെ വിത്തു മുളച്ച് ചെടിയായി മാറുന്നതങ്ങനെയാണ്. പരിശീലനദിനം തന്നെ വിദ്യാർത്ഥികൾ ആയിരത്തിലധികം പേനകൾ നിർമിച്ചു. എക്സിബിഷൻ സംഘടിപ്പിച്ച് വിത്തുപേനകൾ വിറ്റഴിക്കാനാണ് വിദ്യാർത്ഥികളുടെ ശ്രമം.
വർഷങ്ങളായി പേപ്പർബാഗുകളും പേനകളും നിർമിച്ച് സോഷ്യൽ മീഡിയ വഴി ഓർഡർ ശേഖരിച്ച് വിറ്റഴിച്ച് ഉപജീവനം നടത്തുന്ന രാജു- പൊന്നമ്മ ദന്പതികളുടെ ജീവിതത്തിന്റെ നേർക്കാ ഴ്ച വിദ്യാർത്ഥികളിൽ ജീവിതത്തിന്റെ മറ്റൊരു തിരിച്ചറിവുകൂടി പകർന്നു.
24-ാം വയസിൽ പനി വന്നു നെഞ്ചിനു കീഴോട്ട് ചലനശേഷി നഷ്ടപ്പെട്ട രാജുവിന്റെ വിധിയോടുള്ള പോരാട്ടംകൂടിയാണ് ഓരോ യാത്രയും. ഒരു സ്കൂട്ടറിലാണ് എപ്പോഴും രാജുവിന്റെയും ഭാര്യ പൊന്നമ്മയുടെയും യാത്ര. രാജുവിനെ താങ്ങിയെടുത്തുവേണം സ്കൂട്ടറിലിരുത്താൻ. ചെന്നെത്തുന്ന പ്രദേശങ്ങളിൽ പരസഹായമില്ലാതെ സഞ്ചരിക്കാൻ ഒരു വീൽചെയർകൂടി സ്കൂട്ടറിൽ കെട്ടിവച്ചാണ് ദന്പതികളുടെ യാത്ര എന്നതും കാഴ്ചക്കാരിൽ വിസ്മയമുണർത്തുന്നു.
പ്രതിഫലേച്ഛയില്ലാതെ കിലോമീറ്ററുകൾ താണ്ടി എത്തിയ രാജു മടങ്ങിയത്, വിധിയിൽ തളരാതെ മുന്നോട്ടുപോകാൻ ആത്മവിശ്വാസവും എന്തും നേരിടാനുള്ള ദൃഢമായ മനസും മതിയെന്ന സന്ദേശംകൂടി വിദ്യാർത്ഥികൾക്കു നല്കിയാണ്.