മങ്കൊന്പ്: പ്രളയാനന്തരം ഏറെ വിയർപ്പൊഴുക്കി വിളയിച്ച നെല്ല് അവസാന ഘട്ടത്തിൽ ദേശാടന പക്ഷികൾ നശിപ്പിക്കുന്നതു കണ്ട് നെടുവീർപ്പെട്ട് കുട്ടനാടൻ കർഷകർ. വിളവെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കുന്പോൾ എരണ്ട, താമരക്കോഴി എന്നീ ദേശാടനപ്പക്ഷികളാണ് കായൽ മേഖലയിൽ കർഷകർക്കു തലവേദന സൃഷ്ടിക്കുന്നത്. പലയിടത്തായി അന്പതിലേറെ ഏക്കറിലെ കൃഷി ഇപ്പോൾ തന്നെ ഇവ നശിപ്പിച്ചുകഴിഞ്ഞു.
കുമരകം കൃഷിഭവൻ പരിധിയിൽ വരുന്ന മെത്രാൻ കായൽ, കെഎൽ ബ്ലോക്ക് മാരാൻ കായൽ എന്നിവിടങ്ങളിലാണ് വിളവെടുപ്പിനു പ്രായമായ നെൽച്ചെടികൾ ഇവ നശിപ്പിച്ചത്. ഇതിനു പുറമെ കുന്നുമ്മ വില്ലേജിലെ നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന എച്ച് ബ്ലോക്ക് കായൽ, കൈനകരി കൃഷിഭവൻ പരിധിയിൽ വരുന്ന റാണി, ചിത്തിര എന്നിവിടങ്ങളിലും ആക്രമണഭീഷണി നിലനിൽക്കുന്നു.
സമീപത്തെ പാടശേഖരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. വിതകഴിഞ്ഞ് നൂറു ദിവസം പിന്നിട്ട കായലുകളിലെല്ലാം 15 ദിവസത്തിനുള്ളിൽ വിളവെടുപ്പാരംഭിക്കേണ്ടതാണ്. എരണ്ടയിനത്തിൽപ്പെട്ട പക്ഷികളാണ് പ്രധാമായും നെൽച്ചെടികൾക്ക് നാശം വിതയ്്ക്കുന്നത്. കൂട്ടമായെത്തുന്ന എരണ്ടകൾ കതിർ തിന്നുകയും ചെടികൾ ഒടിച്ചുനശിപ്പിക്കുകയുമാണ് ചെയ്യുന്നത്. സാധാരണയായി വിതകഴിഞ്ഞ, വെള്ളമുള്ള പാടത്താണ് എരണ്ടയുടെ ആക്രമണം അനുഭവപ്പെടുക. എന്നാൽ കഴിഞ്ഞ വർഷം മുതലാണ് വിളവെടുപ്പടുക്കുന്പോഴും ഇവയുടെ ഭീഷണിയുണ്ടാകുന്നത്.
ഇപ്പോൾ ഭീഷണി നേരിടുന്ന കായലുകളിൽ കൃഷിയുടെ ആദ്യഘട്ടങ്ങളിലും നവംബർ പകുതിയോടെ എരണ്ടയുടെ ആക്രമണം അനുഭവപ്പെട്ടിരുന്നു. വിതകഴിഞ്ഞ പാടങ്ങളിൽ ഇവ വിത്തു നശിപ്പിച്ചതിനെത്തുടർന്ന് രണ്ടാംതവണ വിതയ്ക്കുകയായിരുന്നു. വിളവെടുപ്പിനു മുൻപായി മഴയുണ്ടായാൽ ഇവയുടെ ആക്രമണം കൂടുതൽ ശക്തമാകുമെന്നു കർഷകർ ഭയക്കുന്നു.
കായൽ നിലങ്ങളിലെ കർഷകർ മുഴുവനും കാവാലം, കൈനടി, പുളിങ്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇക്കാരണത്താൽ വേഗത്തിൽ വരികയും പോകുവാനും പ്രയാസമുള്ളതിനാൽ ഇവർ കായലിൽ തന്നെ കഴിയേണ്ടി വരുന്നു. കൂടുതൽ കൃഷിയുള്ളവർ നാലും അഞ്ചും തൊഴിലാളികളെ വീതം രാത്രിയും പകലും മാറി മാറി നിർത്തുകയാണ് പതിവ്.
എന്നാൽ കൃഷി നശിപ്പിക്കുന്ന പക്ഷികളെ നിയന്ത്രിക്കാൻ നിവിലെ നിയമങ്ങൾ കർഷകരെ അനുവദിക്കുന്നില്ല. ഇവയെ തുരത്താൻ ശ്രമിച്ചാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നതിനാൽ കർഷകർക്ക് ഒന്നും ചെയ്യാനാകുന്നില്ല. മുൻവർഷങ്ങളിലും കർഷകരുടെ പരാതിയ തുടർന്ന് കായലുകൾ സന്ദർശിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
ദേശാടനപ്പക്ഷികളുടെ ആക്രമണം രൂക്ഷമായതോടെ ഇത്തവണയും കർഷകർ ബന്ധപ്പെട്ട അധികാരികൾക്കു പരാതി നൽകിയിട്ടുണ്ട്. കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ, കുമരകം കൃഷി അസിസ്റ്റന്റ്, കുമരകം ഫോറസ്റ്റ ഓഫീസർ, റേഞ്ച് ഓഫീസർ എരുമേലി എന്നിവർക്കാണ് രേഖാമൂലം പരാതി നൽകിയതെന്ന് കർഷകർ പറയുന്നു.
അതേസമയം കൂനിൻമേൽ കുരുവെന്നവണ്ണം മുഞ്ഞയുടെ ആക്രമണവും കണ്ടുതുടങ്ങിയിട്ടുള്ളത് കർഷകരെ ആശങ്കപ്പെടുത്തുന്നു. ആദ്യഘട്ടം മുതൽ ഇവയുടെ ആക്രമണം ഉണ്ടായിരുന്നതിനാൽ കീടനാശിനി തളിക്കുന്ന ഇനത്തിൽ കൃഷിച്ചെലവുകൾ വർധിച്ചിരുന്നു. വിളവെടുപ്പിന്റെ തലേന്നുവരെ ഭീഷണിയുയർത്താൻ കഴിവുള്ളവയാണ് മുഞ്ഞയെന്നാണ് കർഷകർ പറയുന്നത്.