ഞായറാഴ്ച വൈകിട്ട് 4.20 ന്റെ ജനശതാബ്ദി എക്സ്പ്രസില്‍ കയറാനെത്തിയ വിശിഷ്ടാതിഥികളെ കണ്ട് യാത്രക്കാര്‍ അമ്പരന്നു. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്നവരെ കണ്ട് ജനം പെട്ടെന്ന് കാര്യങ്ങള്‍ മനസിലാക്കി, അവരെ ഒപ്പം ചേര്‍ത്ത്, സന്തോഷം പങ്കുവച്ചു.
മറ്റാരുമായിരുന്നില്ല, നവവധൂവരന്മാരായ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്, ഡോ. രോഹിത്തും വധു, ഡോ.ശ്രീജയുമായിരുന്നു യാത്രക്കാരായി എത്തിയത്. ആലുവയിലെ വിവാഹശേഷം ഇരുവരും തലസ്ഥാനത്തേക്ക് തിരിച്ചത് ട്രെയിനിലായിരുന്നു. വിവാഹവേഷത്തില്‍ തന്നെയാണ് ഇരുവരും ആലുവ സ്റ്റേഷനിലെത്തിയതെന്നത് ഏറെ ആകര്‍ഷകവും ശ്രദ്ധേയവുമായി.
വധൂവരന്മാര്ക്കൊപ്പം രമേശ് ചെന്നിത്തലയും ഭാര്യ അനിതയുമുണ്ടായിരുന്നു. അങ്കമാലി ആഡ്ലക്സ് കണ്വന്ഷന് സെന്ററിലെ ചടങ്ങുകള്‍ക്ക് ശേഷം 4.20ന്റെ ജനശതാബ്ദി എക്സ്പ്രസിലാണ് പ്രതിപക്ഷനേതാവും വരനും വധുവും യാത്രചെയ്തത്. സഹയാത്രികര്‍ക്ക് സെല്‍ഫി സമ്മാനിച്ചാണ് ആദ്യത്തെ ശുഭയാത്രയുടെ സന്തോഷം ഇരുവരും പങ്കുവെച്ചത്.
രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. എറണാകുളം സ്വദേശിയാണ് ശ്രീജ. ഭരണ-പ്രതിപക്ഷ നേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സകുടുംബമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാര്‍ട്ടികളുടെ പേരില്‍ അണികള്‍ വെട്ടി മരിക്കുമ്പോള്‍ നേതാക്കള്‍ സൗഹൃദസംഗമങ്ങള്‍ നടത്തുന്ന ചിത്രം വലിയ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയുമായിരുന്നു.