ഡച്ചുകാരനായ ഐഎസ് ഭീകരന്റെ വാക്കുകളിലൂടെ ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടയായ ശേഷമാണ് 2015ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ ഷമീമ ബീഗം ലണ്ടനില്‍ നിന്നു സിറിയയിലേക്ക് പാലായനം നടത്തിയത്. തുടര്‍ന്ന് അവിടെ ഐഎസ് ഭീകരനെ വിവാഹം കഴിച്ച ഷാമിമ ബീഗം തന്റെ മൂന്നാമത്തെ കുഞ്ഞിനാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അഭയാര്‍ഥി ക്യാമ്പില്‍ ജന്മം നല്‍കിയത്.
ലണ്ടനിലേക്ക് മടങ്ങി വരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലിലൂടെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഷാമിമ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതിന് മുമ്പ് ഈ യുവതിക്ക് ഭീകരനില്‍ പിറന്ന രണ്ട് കുഞ്ഞുങ്ങളും മരിച്ചു പോയിരുന്നു. തന്റെ മാതൃരാജ്യത്ത് നിന്നും പലായനം ചെയ്ത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന മുസ്ലിം ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിലും ഇപ്പോള്‍ ബ്രിട്ടനിലേക്ക് മടങ്ങി വരാന്‍ ശ്രമിക്കുന്നതിലും ബീഗത്തിന് തീരെ കുറ്റബോധമില്ലെന്നും വെളിപ്പെട്ടിട്ടുണ്ട്.
ഭീകരര്‍ നിരവധി നിരപരാധികളുടെ തലവെട്ടിയെടുക്കുന്നതും നിറയൊഴിച്ച് കൊല്ലുന്നതും കണ്ടിട്ടും തന്റെ മനസ് പതറിയിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ യുകെയിലേക്ക് തിരിച്ച് വരാന്‍ അനുവദിക്കണമെന്നുമാണ് ബീഗം അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നത്. ഭീകരരെ സഹായിക്കാനായി മാതൃരാജ്യത്ത് നിന്നും പലായനം ചെയ്ത തന്നെ പുനരധിവസിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഈ യുവതി തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് ഇപ്പോള്‍ പിറന്നിരിക്കുന്ന ആണ്‍കുട്ടിയെ യുകെയിലേക്ക് കൊണ്ട് വരാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നാണ് ബീഗം പറയുന്നത്.
ബീഗം യുകെയിലേക്ക് തിരിച്ച് വരുന്നതിനെതിരെ ഗവണ്മെന്റ് ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിലും തന്റെ മകനുമായി ഇവിടേക്ക് വരുന്ന ബീഗത്തെ തടഞ്ഞ് നിര്‍ത്താന്‍ അധികൃതര്‍ക്ക് സാധിക്കില്ലെന്ന ആശങ്കയും ശക്തമാണ്. എന്തായാലും തന്റെ തിരിച്ച് വരവിനുള്ള അപേക്ഷ നല്കി കാത്തിരിക്കുകയാണ് ഈ യുവതി. താന്‍ കടന്ന് പോയിരിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ചറിഞ്ഞാല് ജനത്തിന് തന്നോട് സഹതാപം തോന്നുമെന്നാണ് ഈ ജിഹാദി വധു അവകാശപ്പെടുന്നത്. തിരിച്ച് വരുന്ന ബീഗം ജയിലില്‍ ആയാലും ഇപ്പോള്‍ പിറന്നിരിക്കുന്ന കുഞ്ഞിനെ വളര്‍ത്താനുള്ള ആഗ്രഹം യുവതിയുടെ കുടുംബാംഗങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.
2015ല്‍ സിറിയയിലേക്ക് പലായനം ചെയ്തതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമില്ലെന്നും അത് തന്റെ വ്യക്തിത്വത്തെ അടിമുടി മാറ്റി മറിച്ചുവെന്നാണ് ഇപ്പോള്‍ 19 വയസുള്ള ബീഗം അവകാശപ്പെടുന്നത്. ഇതിലൂടെ തന്റെ മനസിനെ ശക്തമാക്കാനും ജീവിതത്തില്‍ എന്തും നേരിടാനുള്ള ധൈര്യമുണ്ടാക്കിയെന്നും ബീഗം പറയുന്നു. കഴിഞ്ഞ ആഴ്ച നോര്‍ത്തേണ്‍ സിറിയിലെ കുര്‍ദിഷുകളുടെ നിയന്ത്രണത്തിലുള്ള ഒരു അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ബീഗത്തെ കണ്ടെത്തിയിരുന്നത്. അപ്പോള്‍ പൂര്‍ണഗര്‍ഭിണിയായിരുന്നു ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സിറിയയിലെത്തിയപ്പോള്‍ ഐസിസുകാര്‍ ചെയ്ത് കൂട്ടുന്ന കൊടും ക്രൂരകൃത്യങ്ങള്‍ കണ്ട് താന്‍ ഞെട്ടിയിട്ടില്ലെന്നും കാരണം അതിന് മുമ്പ് തന്നെ തനിക്കിതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും താന്‍ കടുത്ത മതവാദിയായിരുന്നുവെന്നും ബീഗം വെളിപ്പെടുത്തുന്നു. ഇവരുടെ ഡച്ചുകാരനായ ജിഹാദി ഭര്‍ത്താവ് യുദ്ധത്തില്‍ മരിച്ചുവെന്നാണ് സൂചന. യുവതിയെ ഒരുകാരണവശാലും രാജ്യത്ത് കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് ബ്രീട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് വാജിദ് പറയുന്നത്. പിടിയിലായ ഐഎസ് ഭീകരരെ ഏറ്റെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഇവരെ മോചിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്.