രാഷ്ട്രീയപോരില് മരിച്ച കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബാംഗങ്ങളുടെ എണ്ണിപ്പറഞ്ഞുള്ള കരച്ചിലുകള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല. അക്കൂട്ടത്തില്‍ ജനം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച ഒന്നായിരുന്നു, കൃപേഷിന്റെ അച്ഛന് പി.വി.കൃഷ്ണന്റെ പ്രസ്താവന.
മകന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെങ്കിലും അദ്ദേഹം കടുത്ത സിപിഎം അനുഭാവിയായിരുന്നു. എന്നാല്‍ മകന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ഒരിക്കലും തടഞ്ഞിരുന്നുമില്ല. അതുകൊണ്ടു തന്നെ ഇനി പാര്‍ട്ടിയിലേയ്ക്കില്ല എന്നാണ് കൃപേഷിന്റെ മൃതദേഹത്തിന് മുമ്പില്‍ വച്ച് കൃഷ്ണന് പറഞ്ഞത്.
‘ഇനി പാര്‍ട്ടിയിലേക്ക് ഞാനില്ല. എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല’. കൃഷ്ണന് കരഞ്ഞുകൊണ്ടാണത് പറഞ്ഞത്. ‘പെരിയ ആലക്കോടാണു ഞാന്‍ ജനിച്ചത്. പാര്‍ട്ടി അനുഭാവികളുടെ കുടുംബമായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുമുണ്ട്. പെയിന്റുപണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. സിപിഎമ്മിനു വേണ്ടി ചെറുപ്പത്തില്‍ നിരവധി മുദ്രവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് എല്ലാ തെരഞ്ഞെടുപ്പിനും വോട്ട് ചെയ്യാന്‍ പോകും.’ കൃഷ്ണന് പറയുന്നു.
പോളിടെക്നിക്കില്‍ പഠിക്കുമ്പോള്‍ കെഎസ്യുവില് ചേരുന്ന കാര്യം മകന് ചോദിച്ചിരുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയം തിരഞ്ഞെടുക്കാമെന്നാണു ഞാന്‍ മറുപടി നല്‍കിയത്. സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ച കേസില്‍ പാര്ട്ടിക്കാര് നല്കിയ പരാതിയില്‍ കൃപേഷിന്റെ പേരുമുണ്ടായിരുന്നു.
എന്നാല്‍ സംഭവസമയം അവന് സ്ഥലത്തിലാത്തതിനാല്‍ കേസില്‍ നിന്ന് പോലീസ് ഒഴിവാക്കുകയായിരുന്നു. പക്ഷേ, അവരുടെ പട്ടികയില്‍ അവനുണ്ടായിരുന്നു. അതുകൊണ്ടാണ്…….’ ‘ഇത്രയും കാലം ഞാന്‍ പാര്‍ട്ടി അനുഭാവിയായിരുന്നു. ഇനി പാര്‍ട്ടിയുടെ ഒരു പരിപാടിക്കുമില്ല. പാര്‍ട്ടിയിലുള്ള വിശ്വാസം എനിക്കു നഷ്ടമായി’. കൃഷ്ണന് പറഞ്ഞു.
പോളിടെക്നിക്കില്‍ വച്ച് എസ്എഫ്ഐക്കാര്‍ അവനെ തല്ലി, പ്രശ്നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം നീ കോളജില്‍ പോയാല്‍ മതിയെന്നായിരുന്നു എന്റെ മറുപടി. പേടിച്ചിട്ട് അവന് പിന്നെ പോയില്ല. അടുത്തിടെ സിപിഎമ്മുകാര്‍ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു.
അതറിഞ്ഞ് അവന് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇതിന്റെ പേരില്‍ ഇവിടെ നിന്നുമിറങ്ങിയാല്‍ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് അവന് പോയില്ല. ക്ലബ്ബ് കത്തിച്ചതിന്റെ പേരില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ കടയടപ്പിക്കാന്‍ അവനും പോയിരുന്നു. അവര്‍ കൊല്ലുമെന്ന് പറഞ്ഞാല്‍ ചെയ്യുമെന്ന് അറിയാമായിരുന്നു. ഗൂഢാലോചന നടത്തിയാണ് കൊന്നത് കൃഷ്ണന് പറയുന്നു. കയ്യും കാലും കൊത്തീട്ടെങ്കിലും എനിക്ക് തന്നാ ഞാന്‍ നോക്കുമായിരുന്നല്ലോ. കൃഷ്ണന് പറയുന്നു.