ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ പാക് ഭീകരൻ മൗലാന മസൂദ് അസറിനെ കസ്റ്റഡിയിൽ കൈകാര്യം ചെയ്യാൻ ഒരു പ്രയാസവും ഇല്ലായിരുന്നെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അവിനാഷ് മൊഹനനേയ്. 1994ൽ ഇന്ത്യൻ കസ്റ്റഡിയിലിരിക്കെ മസൂദ് അസറിനെ ചോദ്യം ചെയ്തിരുന്നു. ആദ്യ അടിയിൽ തന്നെ അസർ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞുപോയെന്ന് മൊഹനനേയ് വെളിപ്പെടുത്തി.
1994 ഫെബ്രുവരിയിൽ ദക്ഷിണ കാഷ്മീരിലെ അനന്ത്നാഗിലാണ് അസർ അറസ്റ്റിലായത്. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലദേശ് വഴി ഇന്ത്യയിലേക്ക് കടക്കവേയായിരുന്നു പിടിയിലായത്. അന്ന് ചോദ്യം ചെയ്യലിനിടെ കരസേനാ ഉദ്യോഗസ്ഥന്റെ ആദ്യ അടിയിൽ തന്നെ അസർ വിറച്ചുപോയി. ഭീകരപദ്ധതികൾ അടക്കം നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും മൊഹനനേയ് പറഞ്ഞു. സിക്കിം മുൻ ഡിജിപി കൂടിയായ അവിനാഷ് 20 വർഷം ഇന്റലിജൻസ് ബ്യൂറോയിലായിരുന്നു.
1999 ഡിസംബർ 24 ന് കാഠ്മണ്ഡുവിൽ നിന്നു ഡൽഹിയിലേക്കു 189 യാത്രക്കാരുമായി പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ മറ്റുവഴികളില്ലാതെ ഇന്ത്യ മസൂദിനെ മോചിപ്പിക്കുകയായിരുന്നു. വിമാനം റാഞ്ചിയ പാക്ക് ഭീകരർ അത് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലാണ് ഇറക്കിയത്. യാത്രക്കാരെ രക്ഷിക്കാൻ മസൂദ് ഉൾപ്പെടെയുള്ള ഭീകരെ അന്നത്തെ ബിജെപി സർക്കാർ മോചിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണു അസ്ഹർ ജയ്ഷ് ഇ മുഹമ്മദ് രൂപീകരിച്ചത്.
2001 ൽ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനു പിന്നിലും അസറിന്റെ ഭീകരസംഘമായിരുന്നു. 2016 ജനുവരിയിൽ പഠാൻകോട്ട് വ്യോമത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ജയ്ഷ് ഭീകരരുടെ പങ്കു വ്യക്തമായിരുന്നു. ഇതോടെയാണ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽപെടുത്തണമെന്ന ആവശ്യം യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ഉന്നയിച്ചത്.