കാസർഗോഡ്: അവസാനമായി ഒരുനോക്കു കാണാനെത്തിയവർക്കു മുന്നിൽ കണ്ണീർക്കാഴ്ചയായി കാസർഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അമ്മയുടെ വിലാപം. കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നാ ഞാൻ നോക്കുമായിരുന്നല്ലോ എന്ന രോദനമാണ് ആ അമ്മയിൽനിന്ന് ഉയർന്നത്.
കൃപേഷിന്റെ കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് പിതാവ് കൃഷ്ണനും പറയുന്നു. കൃപേഷിനു നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും പ്രാദേശിക സിപിഎം നേതാക്കളായ പീതാംബരനും വത്സനും കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്നും കൃഷ്ണൻ ആരോപിച്ചു.
മേൽക്കൂര ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് കൃപേഷും അച്ഛൻ കൃഷ്ണനും അമ്മ ബാലാമണിയും സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും അന്തിയുറങ്ങിയിരുന്നത്. ഈ വീടിന്റെ ഏക പ്രതീക്ഷയായ പത്തൊന്പതുകാരനാണ് ക്രൂരമായ രാഷ്ട്രീയ പകപോക്കലിനിരയായത്. കോണ്ഗ്രസ്-സിപിഎം സംഘർഷത്തെതുടർന്ന് കൃപേഷിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നു. അതിനാൽ കുറച്ചുനാളായി വീട്ടിൽനിന്നു മാറിയാണു താമസിച്ചിരുന്നത്.
കൃപേഷിന്റെ ഉറ്റമിത്രമായിരുന്നു ശരത്. ഇരുവരും നാട്ടിലെ ചെണ്ടമേളം ട്രൂപ്പിലെ അംഗങ്ങളുമായിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ച കേസിൽ വധശ്രമത്തിന് അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട ശരത് ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കുള്ളിലാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എ. പീതാംബരനെ മർദിച്ചെന്ന കേസിലായിരുന്നു ശരത് അറസ്റ്റിലായത്.
കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ സ്ഥലത്ത് അടുത്തടുത്തായാണ് ഇരുവരുടേയും മൃതദേഹം സംസ്കരിച്ചത്. മൃതദേഹം ചിതയിലേക്ക് എടുക്കുന്നതിനിടെ കുടുംബാംഗങ്ങളെ സമാധാനിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പണിപ്പെട്ടു.