മഞ്ചേശ്വരം: കാസർഗോഡ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച രാത്രിയിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്തത് പിതാംബരനാണെന്നാണ് വിവരം. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. പീതാംബരനൊപ്പം കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴുപേരെകൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, പീതാംബരനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സിപിഎം അറിയിച്ചു. ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി അംഗങ്ങൾ ആരെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാൻ അവരെ പുറത്താക്കുമെന്ന് വ്യക്തമാക്കിയിരുന്നു.