കെ.കെ.അർജുനൻ
തൃശൂർ: ആട്ടിൻതോലിട്ട ചെന്നായ്ക്കൾ എന്ന് കേട്ടിട്ടുണ്ടെങ്കിലും ആട്ടിൻതോലിട്ട ആടുകൾ എന്ന് കേട്ടിട്ടുണ്ടോ. എന്നാൽ ഇതാ പുഴയ്ക്കൽ പാടത്ത് വന്നാൽ ആട്ടിൻതോലിട്ട ആട്ടിൻകുട്ടികളെ കാണാം. പുഴയ്ക്കൽ പാടത്തെ റോഡരികിൽ ആട്ടിൻകൂട്ടം നിൽക്കുന്നത് കണ്ട് അടുത്തു ചെന്നു നോക്കിയപ്പോഴാണ് ആടുകൾ ഒറിജിനലല്ല ഡമ്മി ആടുകളാണെന്ന് മനസിലായത്. ഒറ്റനോട്ടത്തിൽ ഒറിജിനൽ ആടുകൾ ആണന്നേ തോന്നൂ.
ഹരിയാനയിലെ സോനാപൂരിൽ നിന്നുള്ള ഉത്തരേന്ത്യൻ വിൽപന സംഘമാണ് ഡമ്മി ആടുകളെ കേരളത്തിൽ വിൽപനക്കെത്തിച്ചിരിക്കുന്നത്. ആടുകളുടെ മൊത്തെ ലുക്ക് ഉഗ്രനാണെങ്കിലും ആടിന്റെ കൊന്പുകൾക്ക് മാൻ കൊന്പുകളുടെ രൂപമാണ്.
ബാക്കിയെല്ലാം യഥാർത്ഥ ആടിന്റെ രൂപം തന്നെ. യഥാർത്ഥ ആട്ടിൻതോലാണ് പ്രതിമകളിൽ ഏറ്റവും പുറമെ ഉപയോഗിച്ചിട്ടുള്ളതത്രെ. ഫൈബറും മറ്റുമുപയോഗിച്ചാണ് ബാക്കി പണി. 1500 രൂപയാണ് ഒരാടിന് ഇവർ ഈടാക്കുന്നത്. രണ്ടെണ്ണം എടുത്താൽ ഡിസ്കൗണ്ടും കിട്ടും. മികച്ച ഫിനിഷിംഗ് ഉള്ളതിനാൽ ആളുകൾ ഇവയെ നോക്കാനെത്തുന്നുണ്ട്.