വടക്കഞ്ചേരി: ഒളകരയിൽ ഫോറസ്റ്റിന്റെ പുതിയ റേഞ്ച് ഓഫീസ് കെട്ടിട നിർമാണം മതിയായ ഉറപ്പോടുകൂടിയല്ലെന്ന് പരാതി. കെട്ടിടനിർമാണ ചട്ടങ്ങൾക്കനുസൃതമായ സാധന സാമഗ്രികൾ കെട്ടിടം പണിയുന്പോൾ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു.
കണിച്ചിപരുത ഒളകര റോഡിൽ വനാതിർത്തിയിലാണ് പുതിയ കെട്ടിട നിർമാണം നടക്കുന്നത്. ഒളകര കോളനിക്കടുത്തെ റേഞ്ച് ഓഫീസ് കെട്ടിടം കാലപഴക്കം വന്നതിനെ തുടർന്നാണ് വനത്തിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിൽ തന്നെ പുതിയ കെട്ടിടം പണിയുന്നത്. കാടിനുള്ളിൽ കെട്ടിട നിർമാണത്തിന് സ്ഥലം ഒരുക്കാൻ നിരവധി മരങ്ങൾ മുറിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.
കാട്ടിൽനിന്നും മരകൊന്പ് എടുത്താൽ കേസും കോടതി നടപടികളുമായി മുന്നോട്ടുപോകുന്ന വനംവകുപ്പ് അധികൃതർ വൻമരങ്ങൾ കൂട്ടത്തോടെ വെട്ടിനശിപ്പിച്ചപ്പോഴും പരിശോധന പോലും ഉണ്ടായില്ലത്രെ. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമായതിനാൽ ഉറപ്പുകുറഞ്ഞ കെട്ടിടം സുരക്ഷാ ഭീക്ഷണി ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. വനാതിർത്തിയിൽ കോണ്‍ക്രീറ്റിൽ തൂണുകൾ സ്ഥാപിച്ച് കമാനവും ആനകളുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.