കൃപേഷിന്റെ സഹോദരിയുടെ വിവാഹച്ചെലവുകള്‍ മുഴുവന്‍ വഹിക്കും! സഹായവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും

കാസര്‍ഗോഡ് പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം കേരള മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. രണ്ട് യുവാക്കളുടെ മരണത്തോടൊപ്പം ആളുകളെ വേദനിപ്പിച്ച ഒന്നാണ് അവര്‍ ഇരുവരുടെയും പരിതാപകരമായ ജീവിതാവസ്ഥകള്‍.

മരിച്ച കൃപേഷിന്റെയും ശരത്ത് ലാലിന്റെ കുടുംബങ്ങളുടെ അവസ്ഥയില്‍ മനസലിഞ്ഞ് നിരവധിയാളുകള്‍ അവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയും ചെയ്തു. കൃപേഷിന് വീട് നിര്‍മിക്കാന്‍ സഹായം നല്‍കുമെന്ന് പലരും അറിയിച്ചപ്പോള്‍ സഹോദരിയുടെ വിവാഹത്തിനുള്ള ചെലവ് മുഴുവന്‍ തങ്ങള്‍ വഹിച്ചുകൊള്ളാമെന്ന വാഗ്ദാനമാണിപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും ചേര്‍ന്ന് നല്‍കിയിരിക്കുന്നത്.

കാസര്‍ഗോഡ് ഡിഡിസി നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസം മുമ്പാണ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിത് വിവാഹിതനായത്. ശ്രീജ ഭാസിയാണ് വധു. അമേരിക്കയില്‍ ഡോക്ടറാണ് ശ്രീജ. രോഹിത് കൊച്ചിയില്‍ ഡോക്ടറാണ്. അങ്കമാലിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം വിവാഹത്തില്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. ഏതായാലും ചെന്നിത്തലയുടെ മക്കളുടെ ഈ സഹായത്തിന് കയ്യടിക്കുകയാണ് മലയാളികള്‍.

Related posts