തിരൂർ: പറവണ്ണ തീവയ്പ് ആക്രമണക്കേസുകളിൽ മുഴുവൻ പ്രതികളും പിടിയിലായി. പറവണ്ണ സ്വദേശികളായ അരയന്റെപുരക്കൽ ഫെമീസ് (27), ചെറിയകോയാമുവിന്റെ പുരക്കൽ സമീർ (23), പക്കിയമാക്കാനകത്ത് റാഫിഖ്്് മുഹമ്മദ് (24), കമ്മാക്കാന്റെ പുരക്കൽ അർഷാദ് (22) എന്നിവരെയാണ് തിരൂർ എസ്ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഒടുവിൽ അറസ്റ്റ് ചെയ്തത്.
സ്പെഷൽ ബ്രാഞ്ച് ഓഫീസർ അബ്ദുൾ ഷുക്കൂറിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികളാണ് സമീറും അർഷാദും. മുഖംമൂടിധാരികളായി വാഹനത്തിലെത്തി യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ സമീറും പ്രതിയാണ്. ഇവർക്ക് പുറമെയാണ് ഫമീസ്, റാഫിഖ് മുഹമ്മദ് എന്നിവർക്കെതിരെയും പോലീസ് നടപടിയുണ്ടായത്.
കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യകണ്ണികളായ സമീറും ഫെമീസും തീരദേശം കേന്ദ്രീകരിച്ചു വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ കൂട്ടത്തിൽ നിന്നു ഏതാനും യുവാക്കൾ പിൻമാറിയത്.
കഞ്ചാവ് ഇടപാടുകളെക്കുറിച്ചു സംഘത്തിൽ നിന്നു പിൻമാറിയവർ പോലീസിനു വിവരം നൽകിയെന്ന തോന്നലിനെ തുടർന്നാണ് സമീറും ഫെമീസും റാഫിഖ് മുഹമ്മദും യുവാക്കളെ ആയുധങ്ങളുമായി ആക്രമിച്ചത്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോലീസിന്റെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഇടപെടൽ കാരണം പരാജയപ്പെടുകയായിരുന്നു. ആന്ധ്ര ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു കഞ്ചാവെത്തിക്കുന്ന പ്രതികൾ വരുമാനമായി ലഭിക്കുന്ന ലക്ഷക്കണക്കിനു രൂപ ഉപയോഗിച്ച് ആർഭാടജീവിതമാണ് നയിച്ചിരുന്നത്.
ഇതിനിടെ കയ്യിൽ പണമില്ലാതായപ്പോൾ നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന പൊന്നാനി സ്വദേശിയെ തേടി പ്രതികൾ എത്തുകയും ഈ വിവരം പൊന്നാനി സ്വദേശി തിരൂർ പോലീസിനെ അറിയിക്കുകയും ചെയ്തതോടെ പ്രതികളെ അതിവിദ്ഗ്ധമായി പിടികൂടുകയായിരുന്നു.
കഞ്ചാവ് ഉപയോഗിച്ചു സമനില തെറ്റിയ യുവാവ് പോലീസ് സഹായത്തോടെ കൗണ്സിലിംഗിനു വിധേയനാണിപ്പോൾ. എന്നാൽ ഈ വിവരം പ്രതികൾക്കറിയില്ലായിരുന്നു. ഇതാണ് ആന്ധ്ര, വിശാഖപട്ടണം, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച് സുഖിച്ച പ്രതികൾ പോലീസ് വിരിച്ച വലയിൽ അകപ്പെടാൻ ഇടയായത്. സമീർ ഇതിന് മുന്പും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് എസ്ഐ സുമേഷ് സുധാകർ പറഞ്ഞു.