മുംബൈ: കോബ്രാ പോസ്റ്റിന്റെ ഒളികാമറയിൽ കുരുങ്ങി ബോളിവുഡ് താരങ്ങൾ. പണം നൽകിയാൽ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തുതരം പ്രചാരണവും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാമെന്ന് ബോളിവുഡ് താരങ്ങൾ സമ്മതിക്കുന്ന ഒളികാമറ ദൃശ്യങ്ങളാണ്, ഓപ്പറേഷൻ കരോക്കേ എന്ന പേരിൽ തയാറാക്കിയ ഒരു മണിക്കൂർ വീഡിയോയിലൂടെ കോബ്രാ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
ജാക്കി ഷ്റോഫ്, ശക്തി കപുർ, വിവേക് ഒബ്റോയ്, സോനു സൂദ്, സണ്ണി ലിയോണ്, അമീഷാ പട്ടേൽ, മഹിമ ചൗധരി, ശ്രേയസ് താൽപാടി, പുനീത് ഇസാർ, സുരേന്ദ്ര പാൽ, പങ്കജ് ധീർ, നിഖിതിൻ ധീർ, ടിസ്ക ചോപ്ര, ദീപ്ശിഖ നാഗ്പാൽ, അഖിലേന്ദ്രാ മിശ്ര, രോഹിത് റോയ്, രാഹുൽ ഭട്ട്, സലിം സെയ്ദി, രാഖി സാവന്ത്, അമൻ വർമ, ഹൈറ്റൻ തേജ്വാനി, ഗൗരി പ്രധാൻ, എവ്ലിൻ ശർമ, മിനിഷ ലാംബ, കൊയ്ന മിത്ര, പൂനം പാണ്ടേ, രാജു ശ്രീവാസ്തവ, സുനിൽ പാൽ, രാജ്പാൽ യാദവ്, ഉപാസന സിംഗ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വർലാൽ, ഗണേഷ് ആചാര്യ, സംഭാവന സേത്, അഭിജിത്ത് ഭട്ടാചാര്യ, കൈലേഷ് ഖേർ, മിഖാ സിംഗ്, ബാബ സെഗാൾ തുടങ്ങിയ പ്രമുഖരാണ് പണം നൽകിയാൽ എന്തും പ്രചരിപ്പിക്കാമെന്നു സമ്മതിച്ചത്.
എന്നാൽ വിദ്യാ ബാലൻ, അർഷദ് വാർസി, റാസ മുറാദ്, സൗമ്യ ടണ്ഠൻ എന്നിവർ പ്രചാരണ ആവശ്യത്തോടു നിഷേധാത്മക നിലപാട് സ്വീകരിച്ചു. സമൂഹമാധ്യമ അക്കൗണ്ട് പ്രചാരണത്തിനായി ഉപയോഗിച്ചാൽ ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഇവർ കോബ്രാ പോസ്റ്റ് റിപ്പോർട്ടർമാരോടു പറഞ്ഞു.
ബിജെപി, കോണ്ഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പബ്ളിസിറ്റി ഏജന്റുകൾ എന്ന വ്യാജേനയാണ് കോബ്രാ പോസ്റ്റിന്റെ റിപ്പോർട്ടമാർ താരങ്ങളെ സമീപിച്ചത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കുമോ എന്ന റിപ്പോർട്ടർമാരുടെ ചോദ്യത്തിന് പണം നൽകിയാൽ എന്തും പ്രചരിപ്പിക്കാൻ തയാറാണെന്ന് മിക്കവരും പറയുന്നു.
രണ്ടു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് താരങ്ങൾ ആവശ്യപ്പെട്ടത്. മുഴുവൻ തുകയും പണമായി തന്നെ നൽകണമെന്നാണ് ഇവരിൽ പലരും ആവശ്യപ്പെട്ടു. ശക്തി കപൂർ മുഴുവൻ തുകയും കറൻസിയായി തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടു.