കട്ടക്ക്: പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാന്റെ മൃതദേഹത്തിനരികെ, ജവാന്റെ ബന്ധുവിനെ കൈകാര്യം ചെയ്ത് ഒഡീഷ എംഎൽഎ. ഭരണകക്ഷിയായ ബിജു ജനതാദളിന്റെ ബരാബതി-കട്ടക്ക് എംഎൽഎ ദെബാശിഷ് സമൻതാരെയാണ് സിആർപിഎഫ് ജവാൻ മനോജ് ബെഹറയുടെ ബന്ധുവിനെ തള്ളി നിലത്തിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ശനിയാഴ്ച ജവാന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ജവാന് ആദരാജ്ഞലി അർപ്പിക്കുന്നതിനായി എത്തിയ എംഎൽഎ, ജവാന്റെ ബന്ധുവിനെ ശക്തിയായി കഴുത്തിനു പിടിച്ചു തള്ളി. ഇതിന്റെ ശക്തിയിൽ ബന്ധു ശവപേടകത്തിനരികെ വീണു. ഇതുകൊണ്ടു കലിയടങ്ങാതെ എംഎൽഎ ബന്ധുവിനെ വീണ്ടും കഴുത്തിൽ പിടിച്ച് ഇരുത്താൻ ശ്രമിച്ചു. ഈ സംഭവങ്ങൾ കാമറയിൽ പകർത്തുന്നതു സംബന്ധിച്ച് എംഎൽഎ ബോധവാനായിരുന്നില്ല. എംഎൽഎയെ ഇത്തരത്തിൽ ഒരു കൃത്യത്തിനു പ്രേരിപ്പിച്ചതിനു കാരണം എന്തെന്നു വ്യക്തമല്ല.
സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് എംഎൽഎ രംഗത്തെത്തി. താൻ തള്ളിയിട്ടയാൾ ജവാന്റെ ബന്ധുവാണെന്ന് അറിയില്ലായിരുന്നു എന്നാണ് എംഎൽഎയുടെ വിശദീകരണം. സമൻതാരെയ്ക്കെതിരേ പ്രതിപക്ഷ പാർട്ടി നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.