1984ൽ രാജ്യത്ത് ആഞ്ഞടിച്ച ഇന്ദിരാ തരംഗത്തിൽ ഒലിച്ചുപോയ ബിജെപിക്ക് കിട്ടിയത് രണ്ടേ രണ്ടു ലോക്സഭാ സീറ്റ് മാത്രം. അടൽ ബിഹാരി വാജ്പേയി അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ടപ്പോൾ ബിജെപിക്കൊപ്പം നിന്നത് ആന്ധ്രപ്രദേശിലെ ഹനംകൊണ്ടയും ഗുജറാത്തിലെ മെഹ്സാനയുമായിരുന്നു. എന്നാൽ, ഹനംകൊണ്ടയിൽ ബിജെപിയുടെ വിജയത്തിന് ഏറെ സവിശേഷതകളുണ്ടായിരുന്നു.
ബിജെപിയിലെ സി. ജംഗ റെഡ്ഡി തോൽപ്പിച്ചത് സാക്ഷാൽ പി.വി. നരസിംഹറാവുവിനെയായിരുന്നു. 54,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജംഗ റെഡ്ഡിയുടെ വിജയം. ഹനംകൊണ്ടയിൽ 1980ൽ 162,000 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനായിരുന്നു റാവുവിന്റെ വിജയം. റാവു 1977ലും ഇവിടെ വിജയിച്ചിരുന്നു. ഹനംകൊണ്ടയിലെ ബിജെപിയുടെ ജയത്തിനു കാരണം തെലുങ്കു ദേശം പാർട്ടിയുടെ പിന്തുണയായിരുന്നു.
രാജ്യമെങ്ങും ഇന്ദിരാതരംഗമായിരുന്നെങ്കിൽ ആന്ധ്രപ്രദേശിൽ എൻടിആർ തരംഗമായിരുന്നു. മഹാരാഷ്ട്രയിലെ രാംടെക്കിലും മത്സരിച്ച റാവു 1,90,000 വോട്ടിന് അവിടെ വിജയിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായി. 2008ലെ മണ്ഡല പുനർനിർണയത്തോടെ ഹനംകൊണ്ട ഇല്ലാതായി.
വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ 1984ൽ ബിജെപി ടിക്കറ്റിൽ വിജയിച്ചത് ഡോ. എ.കെ. പട്ടേലായിരുന്നു. 44,000 വോട്ടായിരുന്നു ഭൂരിപക്ഷം. അഞ്ചു തവണ മെഹ്സാനയെ പ്രതിനിധീകരിച്ച എ.കെ. പട്ടേൽ ഒരു തവണ രാജ്യസഭാംഗവുമായി.