മൊണാക്കോ: ലോകത്തെ ഏറ്റവും മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്കാരം സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നെവാക് ജോക്കോവിച്ചിന്. കായിക രംഗത്തെ ഓസ്കര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരമാണിത്. അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരമായ സിമോണ്‍ ബൈല്‍സാണ് മികച്ച വനിതാ താരം.
മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരം സ്ത്രീ ശക്തീകരണത്തിനായി ജാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യുവ’ എന്ന എന്ജിഒയ്ക്കാണ്. ഫുട്ബോള്‍ അടിസ്ഥാനമായുള്ള സന്നദ്ധസംഘടനയാണ് യുവ.
പരിക്കിനുശേഷം തിരിച്ചെത്തിയ ജോക്കോവിച്ച് 2018ല്‍ രണ്ടു ഗ്രാന്സ്ലാം കിരീടങ്ങളില്‍ -വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍- മുത്തമിട്ടു. ആ ഫോം തുടര്‍ന്ന സെര്‍ബിയന്‍ താരം ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നേടി.
ഫ്രഞ്ച് ഫുട്ബോള്‍ താരം കൈലിയന്‍ എംബാപ്പെ, എന്‍ബിഎ സൂപ്പര്‍ താരം ലെബ്രോണ്‍ ജയിംസ് എന്നിവരെയാണ് ജോക്കോവിച്ച് പിന്തള്ളിയത്. കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ പ്രകടനമാണ് സിമോണെയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. നാലു സ്വര്‍ണ മെഡല്‍ അമേരിക്കന്‍ യുവതാരം നേടി. രണ്ടാം തവണയാണ് സിമോണ്‍ ലോറസ് പുരസ്കാരം നേടുന്നത്്.
നാലാംതവണയാണ് ജോക്കോവിച്ച് ലോറസ് പുരസ്കാരത്തിന് അര്‍ഹനാകുന്നത്. ഉസൈന്‍ ബോള്‍ട്ട്, റോജര്‍ ഫെഡറര്‍ എന്നിവര്‍ നേരത്തെ നാലുതവണ പുരസ്കാരം നേടിയിട്ടുണ്ട്.
ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനാണ് ലോറസ് ലോക ടീമിനുള്ള പുരസ്കാരം.
ബ്രേക്ക്ത്രൂ പുരസ്കാരം ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക സ്വന്തമാക്കി. മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സിനാണ്. ലൈഫ് ടൈം അവാര്‍ഡ് ലഭിച്ചത് മുന്‍ ആഴ്സണല്‍ പരിശീലകന് ആഴ്സന്‍ വെംഗര്‍ക്കാണ്.