പൊൻകുന്നം: പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിലെത്തുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻനിധി പദ്ധതിയിലേക്ക് എന്നുവരെ അപേക്ഷ സ്വീകരിക്കുമെന്ന് വ്യക്തതയില്ലാത്തതിനാൽ ഇന്നലെ കൃഷിഭവനുകളിൽ അപേക്ഷകരുടെ വൻ തിരക്ക്.
രാവിലെ മുതൽ എല്ലാ കൃഷിഭവനുകളിലും നൂറുകണക്കിനാൾക്കാരാണ് അപേക്ഷകളുമായി കാത്തുനിന്നത്. ഈയാവശ്യത്തിനു വേണ്ടി കരമടയ്ക്കാൻ വില്ലേജ് ഓഫീസുകളിലും ജനങ്ങളുടെ തിരക്കായിരുന്നു. അവസാനദിവസം ഇന്നലെയെന്ന ധാരണയായിരുന്നു ഏവർക്കും.
ഇന്ന് ആദ്യഘട്ട അപേക്ഷകർ അപ് ലോഡ് ചെയ്യണമെന്ന് കൃഷിഭവനുകൾക്ക് നിർദേശം ലഭിച്ചതോടെ മിക്ക കൃഷിഭവനിലും ഇന്നലെ വരെയെ അപേക്ഷ സ്വീകരിക്കു എന്ന് അറിയിപ്പ് നൽകിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. അപേക്ഷ നൽകാൻ 25 വരെ സാവകാശം നൽകിയിട്ടുണ്ട്.
ലാസ്റ്റ്ഗ്രേഡ-് ജീവനക്കാരൊഴികെയുള്ള സർക്കാർ ജീവനക്കാർ ഉൾപ്പെടുന്ന കുടുംബത്തിന് അപേക്ഷിക്കാൻ അർഹതയില്ല. അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കുടുംബങ്ങൾക്ക് അപേക്ഷിക്കാം. എന്നാൽ, കുറഞ്ഞ ഭൂമി എത്രയെന്ന് വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ല.
ഒന്നരസെന്റു ഭൂമിയുടെ കരമടച്ച രസീതുമായി അപേക്ഷ നൽകാൻ എത്തിയവരുമുണ്ട്. ഇവ സാധുവാകുമോ എന്ന് കൃഷിഭവൻ അധികൃതർക്കും നിശ്ചയമില്ല. 2018-19 വർഷത്തെ കരമടച്ച രസീത്, ആധാർ, നാഷണലൈസ്ഡ് ബാങ്ക് പാസ്ബുക്ക്, റേഷൻകാർഡിന്റെ അസലും പകർപ്പും എന്നിവ അപേക്ഷകൻ ഹാജരാക്കണം.