തിരുവനന്തപുരം: ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് കര്‍ഷകര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നല്‍കുന്നതിന് പ്രത്യേകം സമയപരിധി ഇല്ല എന്ന് കൃഷിവകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു.
പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം 24 ന് രാവിലെ 10 മണിയ്ക്ക് കോട്ടയം തലയാഴത്തുവച്ച് കൃഷിവകുപ്പുമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നതാണ്. ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ കര്‍ഷകര്‍ സ്വന്തം കൃഷിസ്ഥലം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ കൃഷിഭവനില്‍ പൂരിപ്പിച്ച് നല്‍കാവുന്നതാണ്.
കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആനുകൂല്യം ലഭിക്കുകയും കര്‍ഷക ഡാറ്റാ ബാങ്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരിലേക്ക് സന്ദേശം ലഭിക്കുകയും ചെയ്യുന്നതാണ്. 1.12.2018 മുതല്‍ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നാല് മാസത്തിലൊരിക്കല്‍ മൂന്ന് തുല്യ ഗഡുക്കളായി അക്കൗണ്ടില്‍ ലഭിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യഗഡു (2000 രൂപ) വിന്റെ കാലാവധി 1.12.2018 മുതല്‍ 31.3.2019 വരെയാണ്. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് ദിവസം കഴിഞ്ഞ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ആയി ലഭിക്കുന്നതായിരിക്കും.
രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള കുടുംബത്തിന് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. കര്ഷകന്, അദ്ദേഹത്തിന്റെ ഭാര്യ, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കുടുംബം. സംസ്ഥാന സര്‍ക്കാരിന്റെ ലാന്റ് റിക്കാര്‍ഡ് പ്രകാരം 1.2.2019 ലെ കൈവശ ഭൂമിയുടെ രേഖകളാണ് സ്ഥലപരിധി കണക്കാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.