കാസർഗോഡ്: സിപിഎമ്മിനെ വെട്ടിലാക്കി കൊലപാതകക്കേസിൽ അറസ്റ്റിലായ സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരന്റെ ഭാര്യ.പാർട്ടി പറയാതെ പീതാംബരൻ കൊലപാതകം ചെയ്യില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു. ഇന്നു രാവിലെ ഒരു സ്വകാര്യചാനലിനോടാണ് പറഞ്ഞത്. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരൻ.നേരത്തെ ഉണ്ടായ ആക്രമങ്ങളിൽ പങ്കാളിയായതും പാർട്ടിക്കു വേണ്ടിയാണെന്നും മഞ്ജു പറഞ്ഞു.
ഉമ്മൻചാണ്ടി സന്ദർശിച്ചു
സിപിഎം നേതാവ് നേരിട്ട് പങ്കെടുത്തതായി മൊഴി
കാസർഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ സ്വദേശിയും കസ്റ്റഡിയിൽ.കണ്ണൂർ ആലക്കോട് സ്വദേശി ഉൾപ്പെടെ മൂന്നുപേരെയാണ് ഇന്നു രാവിലെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായുള്ള നിർണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചു. അറസ്റ്റിലായ പെരിയ ലോക്കൽ കമ്മിറ്റിയംഗം ഏച്ചിലടുക്കത്തെ എ.പീതാംബരനാണ് (45) നിർണായക മൊഴി നല്‍കിയത്.
കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. വടിവാളും ഇരുന്പ് ദണ്ഡും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ശരത് ലാലും കൃപേഷും ചേർന്ന് ആക്രമിച്ച കേസിൽ പാർട്ടി ഇടപെടാത്തതിൽ നിരാശപൂണ്ടാണ് ആക്രമണം പ്ലാൻ ചെയ്തതെന്നും ഇതിനായി സുഹൃത്തുക്കളെ കൂടെ കൂട്ടുകയായിരുന്നുവെന്നും പോലീസിന് ലഭിച്ച മൊഴിയിൽ പറയുന്നു.
എന്നാൽ പ്രഫഷണൽ സംഘമാണ് കൊലപാതകം നടത്തിയതെന്നുള്ള പോലീസിന്റെ ആദ്യ നിഗമനം മാറിമറിഞ്ഞത് സംശയം സൃഷ്ടിച്ചിരിക്കയാണ്. പീതാംബരൻ അറസ്റ്റിലായതോടെ പ്രാദേശിക സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ക്വട്ടേഷൻ സംഘത്തിലേക്കുള്ള അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്.
പീതാംബരനെ ഇന്നു കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങും.
പ്രദേശവാസികളായ മുരളീധരന്, വത്സരാജ്, ഹരി, സജി ജോര്‍ജ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളിക്കരയിൽവച്ച് പ്രത്യേക അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരായ എം.പ്രദീപ്കുമാര്‍, ടി.പി. രഞ്ജിത്, ജയ്സണ്‍ കെ.ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലയാളിസംഘത്തിന് ആവശ്യമായ ‘സഹായം നല്കിയതോടൊപ്പം ഗൂഢാലോചനയിലും ഇവര്‍ പങ്കാളിയാണെന്ന് പോലീസ് പറയുന്നു.
വീടുകളില്‍നിന്നു മാറിനില്‍ക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. പെരിയ, കല്യോട്ട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. അതേസമയം സംഭവത്തിനുപിന്നിൽ പ്രഫഷണൽ ക്വട്ടേഷൻ സംഘമാണോയെന്ന ചോദ്യത്തിന് അതിപ്പോൾ പറയാൻ കഴിയില്ലെന്നാണ് ജില്ലാ പോലീസ് മേധാവി മറുപടി നൽകിയത്. കൃത്യം നടക്കുന്നതിന് മുന്‍പ് ക്വട്ടേഷൻ സംഘം താമസിച്ചിരുന്നത് കാഞ്ഞിരടുക്കത്തെ ഒരു വീട്ടിലാണെന്ന് പോലീസിന് വിവരം ലഭിച്ചതായും സൂചനയുണ്ട്.
ഇരട്ടക്കൊലപാതകം പൈശാചികമെന്ന്:വിഎസ്
തിരുവനന്തപുരം: കാസര്‍ഗോഡ് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്റെ രീതിയല്ല.
പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്. അത്തരക്കാരെ സിപിഐഎമ്മില്‍ വച്ചുപൊറുപ്പിക്കാനാവില്ല. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിഷ്ഠുരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുകതന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പോലീസിന് കഴിയണമെന്നും വിഎസ് പ്രസ്താവനയിൽ പറഞ്ഞു.
ഉമ്മൻചാണ്ടി സന്ദർശിച്ചു
കാഞ്ഞങ്ങാട്: കൊല ചെയ്യപ്പെട്ട യൂത്ത് കോൺസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ വീടുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു.ഇരുവരെയും സംസ്കരിച്ച സ്ഥലത്ത് പുഷ്പാർച്ചനയും നടത്തി.ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.