മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിലംനികത്തലും മണ്ണുകടത്തും വ്യാപകമായെന്ന് പരാതി. ഗ്രാമീണ മേഖലകളിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മണ്ണെടുപ്പു നടക്കുന്നത്. ഇതുമൂലം പരിസ്ഥിതി ആഘാതത്തിനും സാധ്യത ഏറെയാണ്.
റവന്യൂവകുപ്പിന്റെ സ്ക്വാഡ് അവധി ദിവസങ്ങളിലും മറ്റും സജീവമായ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും പോലീസ് വേണ്ടത്ര നടപടികൾ എടുക്കുന്നില്ലെന്ന പരാതി ശക്തമാണ്. റവന്യൂവകുപ്പിന്റെ സ്ക്വാഡ് നല്ല പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും പോലീസ് സ്ക്വാഡിന്റെ പ്രവർത്തനം നടക്കുന്നില്ലത്രേ.
അവധിദിവസങ്ങളിൽ കൃത്യമായ രീതിയിൽ സക്വാഡ് പ്രവർത്തനം നടത്തിയാൽ ഇതിനു താത്കാലിക പരിഹാരം കാണാനാകും. കഴിഞ്ഞദിവസം അനധികൃതമായി മണ്ണ്, മണൽ എന്നിവ കടത്തിയ വാഹനങ്ങൾ താലൂക്ക് സ്പെഷൽ സ്ക്വാഡ് പിടികൂടിയിരുന്നു. ഇവരിൽനിന്നും ജെസിബി, ടിപ്പർ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു് സ്ക്വാഡിന്റെ പ്രവർത്തനം. തെങ്കര മണ്ണാർക്കാട് രണ്ട്, മണ്ണാർക്കാട്-ഒന്ന് എന്നീ വില്ലേജ് പരിധികളിലാണ് പരിശോധന നടത്തിയതെന്നു റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി മണ്ണെടുക്കുന്ന സംഘങ്ങളെ പിടികൂടുന്നതിനു പോലീസ് ശക്തമായി രംഗത്തിറങ്ങണം. കഴിഞ്ഞദിവസം റവന്യൂ സ്ക്വാഡിനെ മണ്ണുമാഫിയ ഭീഷണിപ്പെടുത്തിയിരുന്നു.