നീണ്ടകര: ജില്ലയിലെ തീരപ്രദേശത്ത് ബോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് മത്സ്യ ബന്ധനം നടത്തിയ മൂന്ന് ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തു.അഴീക്കൽ സ്വദേശി രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള എസ് ഗോവിന്ദ, ശക്തികുളങ്ങര സ്വദേശികളായ ജഗേഷിന്റെ കൈരളി രണ്ട്, സ്റ്റാലിൻ ഫ്രാൻസിസിന്റെ സീ ബേർഡ് എന്നീ ബോട്ടുകളാണ് പിടിയിലായത്.
കരയോട് ചേർന്ന ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നത് കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികളായ വള്ളക്കാർക്ക് മത്സ്യലഭ്യത കുറയുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്.പരവൂർ മുതൽ മഞ്ചേശ്വരം വരെ കരയിൽ നിന്നും 11 ഫാദം വെള്ളം കഴിഞ്ഞ് മാത്രമേ യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനം നടത്താവൂ എന്നാണ് നിയമം.
എന്നാൽ ഇത് ലംഘിച്ചാണ് മൂന്ന് ബോട്ടുകൾ മത്സ്യബന്ധനം നടത്തിയത്. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ബോട്ടുകൾ ഓരോന്നിനും കെഎംഎഫ് ആർ ആക്ട് പ്രകാരം രണ്ടര ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനയിൽ നീണ്ടകര ഫിഷറീസ് അസി.ഡയറക്ടർ എസ്.ആർ .രമേശ് ശശിധരൻ, മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ എസ് എസ് ബൈജു, സബ് ഇൻസ്പെക്ടർ എഎസ് സുമേഷ്, എ എസ് ഐ . ജോസ്, സി പി ഒ മാ രായ ഷെല്ലിജോസ്, റോജൻദാസ്, വിമൽ ചന്ദ്രൻ, ജോസഫ് ജോൺ, സീറെസ്ക്യൂ ഗാർഡ് തോമസ് എന്നിവർ പങ്കെടുത്തു.