മുക്കം: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ബസിൽവച്ച് സ്കൂൾ വിദ്യാർഥിനിയുടെ മുഖത്തടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് ഒളിവിൽ. കാഞ്ഞിരമൂഴി പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന അഫ്സൽ (24) നെതിരെയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുക്കം പോലിസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. പ്രതിയും പെൺകുട്ടിയും മുന്പ് അയൽക്കാരായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയുടെ കുടുംബം താമസം മാറിപ്പോയെങ്കിലും യുവാവ് ശല്യം ചെയ്യൽ തുടർന്നുകൊണ്ടിരുന്നു.
കഴിഞ്ഞദിവസം ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനുവേണ്ടി മുക്കത്തുനിന്ന് ബസിൽ കയറിയപ്പോൾ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതോടെ അഫ്സൽ മുഖത്ത് അടിക്കുകയായിരുന്നു. ബസിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ പിന്തുടർന്നെത്തിയ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അഫ്സലിന് വേണ്ടിയുള്ള തെരച്ചിൽ മുക്കം പോലീസ് ഊർജിതമാക്കി. പ്രതിയുമായി ബന്ധമുള്ളവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.