പേരാമ്പ്ര: വന്യമൃഗങ്ങൾ കാട്ടിൽ നിന്നു നാട്ടിലിറങ്ങാതിരിക്കാൻ സ്ഥാപിക്കുന്ന സൗരവേലികളുടെ നിർമ്മാണത്തിൽ വൻ ക്രമക്കേടെന്നു ആരോപണം. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ കീഴിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ മുതുകാട് സീതപ്പാറ ഓനിപ്പുഴയോര മേഖലയിൽ നടക്കുന്ന സൗരവേലി നിർമാണത്തിനെതിരെയാണു ക്രമക്കേടാരോപണമുയർന്നിരിക്കുന്നത്. അഞ്ച് ലക്ഷത്തിൽപ്പപരം രൂപയാണു ഇപ്പോൾ നടക്കുന്ന പ്രവർത്തിക്കുവകയിരുത്തിയിരിക്കുന്നത്.
കോൺക്രീറ്റ് സ്ലാബിൽ ഇരുമ്പു പൈപ്പ് സ്ഥാപിച്ചു അതിലാണു വേലി നിർമാണം. വേലിക്കു ബലം നൽകുന്ന സ്റ്റേ കമ്പി സ്ഥാപിച്ചിരിക്കുന്നതും കോൺക്രീറ്റ് സ്ലാബിലാണ് . സംശയം തോന്നി കഴിഞ്ഞ ദിവസം ഈ സ്ലാബുകൾ നാട്ടുകാർ പരിശോധിച്ചപ്പോഴാണു തട്ടിപ്പ് വെളിയിൽ വന്നത്. കൈ കൊണ്ടും കാൽ കൊണ്ടും ചെറുതായി ഒന്നു തട്ടി നോക്കിയപ്പോൾ സ്ലാബു പൊടിയുന്ന കാഴ്ചയാണു കാണാൻ കഴിഞ്ഞത്.
മുഴുവൻ സ്ലാബുകളും ഇങ്ങനെയാണ്. ആനയും കാട്ടുപോത്തുമൊക്കെ കർഷകരുടെ കൃഷിയിടങ്ങളിലിറങ്ങാതിരിക്കാനാണു വേലി സ്ഥാപിക്കുന്നത്. അതേസമയം ചെറിയ ജീവികള്വരെ കടക്കുമ്പോള് മറിഞ്ഞു വീഴുന്ന വിധത്തിലാണ് സൗരവേലി സ്ഥാപിച്ചത്. വിവരം അറിഞ്ഞ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതേഷ് മുതുകാട് വനം ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ പരിശോധിക്കാമെന്ന മറുപടിയാണു ലഭിച്ചത്.
അതേസമയം പ്രവൃത്തി പൂർത്തീകരിച്ചു കണക്കെടുത്ത് ബില്ലു കൈമാറിയെന്ന സൂചനയും ലഭിക്കുന്നുണ്ട്. പെരുവണ്ണാമൂഴി വനം വകുപ്പിൽ നടക്കുന്ന വന്യമൃഗ – സംരക്ഷണ-പ്രതിരോധ പ്രവർത്തനങ്ങളും പരിപാടികളും ചില ഉദ്യോഗസ്ഥർക്കും കരാറുകാർക്കും ചാകരയാണ്. സോളാർ വേലികളുടെയുടെയും കിടങ്ങുകളുടെയും നിർമാണം എന്നിവയൊക്കെ പരാജയപ്പെട്ട ഉദ്യമങ്ങളാണ്.
ഇതുവഴി ലക്ഷങ്ങളാണു സർക്കാർ ഖജനാവിൽനിന്നു ചോർന്നുപോകുന്നത്. കർഷകർക്കും നാട്ടുകാർക്കും പ്രയോജനം ഒന്നും ലഭിക്കുന്നതുമില്ല. റെയിൽ ഫെൻസിംഗ് വേണമെന്ന നിരന്തര കർഷക ആവശ്യത്തിനു ചെവികൊടുക്കാതെ മുഖം തിരിക്കുന്ന നിഷേധാത്മക നയമാണു വനപാലകർ എക്കാലവും പുലർത്തിയിരുന്നത്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ്വഴി നടത്തിയ മുഴുവൻ മരാമത്ത് പ്രവൃത്തികളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെപ്പറ്റിയും സമഗ്ര അന്വേഷണം വേണമെന്നു യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത്, കോൺഗ്രസ് നേതാക്കളായ ജയിംസ് മാത്യു, സെമിലി സുനിൽ എന്നിവർ ആവശ്യപ്പെട്ടു.