തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ മാധ്യമ സ്ഥാപനങ്ങളും ഏജന്‍സികളും സര്‍വേകള്‍ നടത്തുന്ന തിരക്കിലാണ്. അടുത്തിടെ സീവോട്ടര്‍ പ്രീപോള്‍ സര്‍വേയില്‍ തൂക്കുസര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ചിരുന്നു. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ മെഗാപോള്‍ ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ഏറെ സന്തോഷം പകരുന്നതാണ്.
പോളില്‍ പങ്കെടുത്ത 84 ശതമാനം പേരും മോദി പ്രധാനമന്ത്രി പദത്തില്‍ തിരികെയെത്തുമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. അതേ സമയം രാഹുല്‍ ഗാന്ധിക്ക് വെറും 9 ശതമാനം മാത്രമാണ് പിന്തുണ. അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ റേറ്റിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് 59.51 ശതമാനം പേര്‍ ഗുഡ് എന്നും 22.29 ശതമാനം പേര്‍ വെരിഗുഡ് എന്നുമാണ് പ്രതികരിച്ചിരിക്കുന്നത്.
ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മോദിയെ ആയിരിക്കും തങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍ഗണന നല്‍കുകയെന്നാണ് ഈ പോളില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും വ്യക്തമാക്കിയിരിക്കുന്നത്. രാഹുലിന് അഞ്ചുവര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ചെറിയ മുന്നേറ്റം മാത്രമേ ഉണ്ടാക്കാനായുള്ളു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ ഇക്കാര്യത്തില്‍ 1.44 ശതമാനം പേരും 0.43 ശതമാനം പേര്‍ ബിഎസ്പി നേതാവ് മായാവതിയെയും പിന്തുണച്ചിരിക്കുന്നു. വേറെ ഏതെങ്കിലും രാഷ്ട്രീയ നേതാവായിരിക്കും അടുത്ത പ്രധാനമന്ത്രിയാവുകയെന്നാണ് പോളില്‍ പങ്കെടുത്ത 5.9 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക സംവരണ വിഷയത്തില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ പുതിയ നടപടി ബിജെപിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നാണ് 72.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം ഈ മെഗാപോളില്‍ വോട്ടു ചെയ്തിരിക്കുന്നത് വെറും രണ്ടുലക്ഷം പേര്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.