മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ ഈ വര്‍ഷത്തെ മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് അറിയിച്ചു. രണ്ടു വര്‍ഷത്തിനുശേഷമാണ് ഫെഡറര്‍ യൂറോപ്യന്‍ കളിമണ്‍ കോര്‍ട്ടില്‍ തിരിച്ചെത്തുന്നത്.
20 ഗ്രാന്‍ സ് ലാം നേടിയിട്ടുള്ള ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് തോറ്റശേഷം മറ്റ് മത്സരങ്ങള്ക്കൊന്നുമിറങ്ങിയിരുന്നില്ല. പുല്ക്കോട്ടുകളിലും ഹാര്‍ഡ് കോര്‍ട്ടുകളിലും ശ്രദ്ധിക്കുന്നതിനായി രണ്ടു വര്‍ഷമായി ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലെ മത്സരങ്ങള്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
ഇതോടെ താരം ഫ്രഞ്ച് ഓപ്പണില്‍ കളിക്കുമെന്ന സൂചനാണ് നല്‍കുന്നത്. ഫെഡററുടെ ഫ്രഞ്ച് ഓപ്പണിലെ ഏക കിരീടം 2009ലാണു നേടിയത്. 2006, 2009, 2012 വര്‍ഷങ്ങളില്‍ മാഡ്രിഡ് ഓപ്പണ്‍ കിരീടം ഫെഡററിനായിരുന്നു.
കിരീട നേട്ടത്തില്‍ റഫേല്‍ നദാലിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് സ്വിസ്താരം. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും 11 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള നദാലും മാഡ്രിഡ് ഓപ്പണില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് മൂന്നു മുതല്‍ 12 വരെയാണ് ടൂര്‍ണമെന്റ്.