ലിവര്‍പൂള്‍/ലിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിൽ സുന്ദരമായ നീക്കങ്ങളും അവിസ്മരണീയമായ ഗോളുകളും അതിനുള്ള തിരിച്ചടികളുമുണ്ടാകുമെന്നു പ്രതീക്ഷിച്ച മത്സരങ്ങളിൽ ഗോള്‍ പിറക്കാതെ പോയത് ഏവരെയും ഞെട്ടിച്ചു. ലിവര്‍പൂളും ബയേണ്‍ മ്യൂണിക്കും ആന്‍ഫീല്‍ഡില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരും ഗോളടിച്ചില്ല. ഇതേ അവസ്ഥതന്നെയായിരുന്നു ഫ്രാന്‍സില്‍ ലിയോണും ബാഴ്സലോണയും ഏറ്റുമുട്ടിയപ്പോഴും.
ഗോൾ പിറക്കാതെ പോയ മത്സരത്തിൽ പ്രതിരോധക്കാരും ഗോള്കീപ്പര്മാരുമാണ് താരങ്ങളായത്. ആദ്യപാദം ഗോള്‍രഹിതമായതോടെ ഇനി അടുത്ത മാസം 13ന് നടക്കുന്ന രണ്ടാം പാദത്തില്‍ വന്‍പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
എവേ ഗോള്‍ വഴങ്ങാത്തതില്‍ ലിവര്‍പൂളിനും ലിയോണും ആശ്വസിക്കാം. അതോടൊപ്പം കരുത്തരായ ലിവര്‍പൂളിന് സ്വന്തം കളത്തില്‍ നിര്‍ണായക ലീഡ് നേടാനാവാതെ പോയതില്‍ ദുഃഖിക്കുകയും ചെയ്യാം. ഗോള്‍രഹിത സമനിലയായത് രണ്ടാംപാദത്തില്‍ സ്വന്തം ഗ്രൗണ്ടിലിറങ്ങുന്ന ബയേണും ബാഴ്സലോണയ്ക്കും കൂടുതല്‍ ആത്മവിശ്വാസം നല്കി. ചാമ്പ്യന്‍സ് ലീഗിലെ ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ വ്യക്തമായ റിക്കാര്‍ഡുള്ള ടീമുകളാണ് ബയേണും ബാഴ്സയും.
മൂര്‍ച്ചകുറഞ്ഞ ബാഴ്സ
മത്സരത്തില്‍ ആധിപത്യമുണ്ടായിട്ടും ആക്രമണത്തില്‍ കൃത്യത ഇല്ലാതായതാണ് ബാഴ്സലോണയ്ക്ക് തിരിച്ചടിയായത്. കളിയുടെ ഒഴുക്കിനു വിപരീതമായി ആദ്യ പകുതിയില്‍ ലിയോണാണ് കൂടുതല്‍ ഊര്‍ജസ്വലരായത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലും അവസാനവും മെസി ഗോളിനു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടക്കം മുതലേ ബാഴ്സലോണ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.
എന്നാല്‍ രണ്ടു ഷോട്ട് ഓണ്‍ ടാര്‍ഗറ്റുകള്‍ വന്നത് ലിയോണില്നിന്നാണ്. ടെര് സ്റ്റെഗന് രക്ഷകനായി. അഞ്ചാം മിനിറ്റില്‍ ഹാസീം ഒവാറിന്റെ ഷോട്ട് ഇടത്തേക്കു ചാടി രക്ഷിച്ചു. ഇതു കഴിഞ്ഞ് മാര്‍ട്ടന്‍ ടെറിയറുടെ കരുത്തുറ്റ അടി ഒരു കൈകൊണ്ട് തട്ടിയകറ്റി.
19-ാം മിനിറ്റില്‍ ഒസാമെന് ഡെംബെലെ ബാഴ്സലോണയെ മുന്നിലെത്തിക്കുമെന്നു തോന്നി. ഇടതു പാര്‍ശ്വത്തില്‍ വച്ച് ലിയോ ഡുബോയിസിനെ ഡ്രിബിള്‍ ചെയ്ത് ഡെംബെലെയെത്തുമ്പോള് ഗോള്‍കീപ്പര്‍ ആന്റണി ലോപ്പസ് മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ ലോപ്പസ് ഗോൾ നിഷേധിച്ചു.
മത്സരത്തില്‍ ബാഴ്സലോണ 25 ഷോട്ടുകളാണ് പായിച്ചത്. അഞ്ച് ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് മാത്രമേ ബാഴ്സയ്ക്കു നേടാനായുള്ളു. കൗണ്ടര്‍ അറ്റാക്കുകളും ബാഴ്സലോണയ്ക്ക് മുതലാക്കാനായില്ല.
രണ്ടാം പകുതിയില്‍ ലിയോണ്‍ ആക്രമണം കുറച്ച് പ്രതിരോധം ശക്തമാക്കി. ലിയോണ്‍-ബാഴ്സലോണ മത്സരത്തില്‍ ഏറ്റവും തിളങ്ങിയത് ആതിഥേയരുടെ ഗോള്‍കീപ്പര്‍ ആന്റണി ലോപ്പസായിരുന്നു. അഞ്ചു സേവുകളാണ് താരം നടത്തിയത്. ഇതില്‍ ലയണല്‍ മെസി ഉയര്‍ത്തി വിട്ട പന്ത് ഉയര്‍ന്നു ചാടി രക്ഷപ്പെടുത്തിയതായിരുന്നു ഏറ്റവും മികച്ചത്. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ അവസാന ആറു എവേ മത്സരങ്ങളിലും ബാഴ്സലോണയ്ക്കു ജയിക്കാനായിട്ടില്ല. 2016 ഫെബ്രുവരില്‍ ആഴ്സണലിനെതിരേയാണ് അവസാനമായി ജയിച്ചത്.
ലിവറിനെ തളച്ച് ബയേണ്‍
ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ എല്ലാ പരിചയസമ്പത്തും മികച്ച ഒത്തിണക്കവും പുലർത്തിയാണു ബയേണ്‍ മ്യൂണിക് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ തളച്ചത്. മത്സരത്തില്‍ ഷോട്ട് ഓണ്‍ ഗോള്‍ രണ്ടെണ്ണമായിരുന്നു. രണ്ടും ലിവര്പൂളിന്റേതായിരുന്നു. പരസ്പര ബഹുമാനത്തോടെയാണ് ഇരുടീമും കളിച്ചത്.
പ്രത്യേകിച്ച് ആക്രമണകാര്യത്തില്‍. എന്നാല്‍ ആരാധകര്‍ക്ക്് വന്‍ ആവേശമൊരുക്കുന്നതിന് മത്സരത്തിനായില്ല. കഴിഞ്ഞ ഏഴു ചാമ്പ്യന്‍സ് ലീഗുകളില്‍ ആറിലും സെമി ഫൈനലിലെത്തിയിട്ടുള്ള ബയേണ്‍ ലിവര്‍പൂളിന്റെ ആക്രമണകാരികളായ മുഹമ്മദ് സല, സാദിയോ മനെ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ക്കെതിരേ ബുദ്ധിപൂര്‍വമായ പ്രതിരോധമാണ് പാലിച്ചത്.
സലയുടെ മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഇന്നലെ ത്തേത്. ലിവര്‍പൂളിന് അവരുടെ മുന്നേറ്റനിരയുടെ ഒഴുക്കും താളവും നഷ്ടമായത് തിരിച്ചടിയായി. എന്നാല്‍ പ്രതിരോധനിരയിലെ പ്രധാനിയായ വിര്‍ജില്‍ വാന്‍ ഡിക് ഇല്ലാതിരുന്നിട്ടും പ്രതിരോധം പൊളിയാതിരുന്നത് ആന്‍ഫീല്‍ഡ് ടീമിന് ആശ്വാസം നല്കി.
സെന്‍ട്രല്‍ ഡിഫൻഡര്‍ റോളില്‍ കളിച്ച ഫാബിഞ്ഞോയ്ക്ക് ബയേണിന്റെ ആക്രമണകാരിയായ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ മുന്നേറ്റങ്ങളെ തടഞ്ഞുനിര്‍ത്താനായി.
മത്സരത്തില്‍ സുന്ദരമായ അവസരങ്ങളൊന്നുമുണ്ടാക്കാനായില്ല. പിറന്നതെല്ലാം അര്‍ധാവസരങ്ങളും. ആദ്യ പകുതിയില്‍ ലിവര്‍പൂളിന്റെ ജോര്‍ദാന്‍ ഹെന്ഡേഴ്സണ് നല്കിയ പാസ് സലയ്ക്കു ലഭിച്ചു. എന്നാല്‍ ഈജിപ്ഷ്യന്‍ താരത്തിന്റെ ഷോട്ട് നേരെ മാനുവല്‍ നോയറുടെ കൈകളിലേക്കായിരുന്നു. മറുവശത്ത് ജോയല്‍ മാറ്റിപിന്റെ സെല്‍ഫ് ഗോളാകുമായിരുന്ന പന്ത് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അവസരോചിതമായി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ ഇരുടീമും കാര്യമായ ഒരു നീക്കവും നടത്തിയില്ല. 86-ാം മിനിറ്റില്‍ മാനെയുടെ ഡൈവിംഗ് ഹെഡര്‍ നോയര്‍ പോസ്റ്റിനു വെളിയിലേക്കു തട്ടിക്കളഞ്ഞു. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട ബയേണ്‍ പ്രതിരോധതാരം ജോഷ്വ കിമിച്ചിന് രണ്ടാം പാദത്തില്‍ കളിക്കാനാവില്ല.