പത്തനംതിട്ട: വില്ലേജ് ഓഫീസുകളിൽ നികുതി സ്വീകരണം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സംസ്ഥാന വ്യാപകമായി തടസപ്പെട്ടു. സെർവർ തകരാറു കാരണം വില്ലേജ് ഓഫീസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ഇന്നലെ നൽകാനായില്ല.
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കടക്കം അപേക്ഷ നൽകാനായി കരം അടയ്ക്കാൻ എത്തിയവരാണ് പ്രതിസന്ധിയിലായത്. സാന്പത്തികവർഷാവസാനം കൂടി ആയതിനാൽ വസ്തുനികുതി അടയ്ക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ വൻ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് ഡാറ്റാ സെന്ററിൽ തകരാറുകളുണ്ടായതെന്ന് പറയുന്നു. സംസ്ഥാനത്തു വളരെ കുറച്ച് ആളുകളിൽ നിന്നു മാത്രമേ ഇന്നലെ കരം സ്വീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
സംസ്ഥാനത്തെ ഭൂരിപക്ഷം വില്ലേജ് ഓഫീസുകളിൽ കരം സ്വീകരിക്കൽ ഓണ്‍ലൈൻ മുഖേനയാക്കിയിരുന്നു. ഓണ്‍ലൈൻ ആക്കിയതോടെ വസ്തുക്കളുടെ സർവേ നന്പർ, തണ്ടപ്പേര് തുടങ്ങി എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായാൽ കരം സ്വീകരിക്കാനാകില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂ. നൽകിയിരിക്കുന്ന രേഖകളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇതു പരിഹരിക്കേണ്ടത് താലൂക്ക് ഓഫീസിൽ നിന്നാണ്. ഓണ്‍ലൈനിലൂടെ മാത്രമേ ഇതു പരിഹരിക്കാനാകൂ.
തണ്ടപ്പേര് സംബന്ധിച്ച പ്രശ്നങ്ങളും മറ്റും പരിഹരിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇക്കാലയളവിൽ കരം സ്വീകരിക്കാനും ആകില്ല. വിവിധ ആവശ്യങ്ങൾക്ക് കരം അടച്ച രസീത് ഹാജരാക്കേണ്ടവരാണ് ഇതോടെ പ്രതിസന്ധിയിലായത്. റീ സർവേ പൂർത്തിയായ എല്ലാ വില്ലേജുകളിലും ഓണ്‍ലൈനിലൂടെ മാത്രമേ കരം സ്വീകരിക്കാവൂവെന്നാണ് ഉത്തരവ്. ഇതു മറികടന്ന് പഴയ രീതിയിൽ കരം എടുക്കാനാകില്ലെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ ബജറ്റിലൂടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷ നൽകാൻ വേണ്ടി കരം അടയ്ക്കാനെത്തിയവരുടെ തിരക്കാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായത്. കർഷകർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 6000 രൂപയുടെ ധനസഹായത്തിന് അപേക്ഷ നൽകാനുള്ള തീയതി ഇന്നലെയാണെന്നാണ് കൃഷിഭവനുകളിൽ അറിയിപ്പുണ്ടായിരുന്നത്. എന്നാൽ ഇത് മാർച്ച് 31ലേക്ക് നീട്ടിയിട്ടുണ്ട്.