ചേർത്തല: മദ്യം വാങ്ങാൻ വന്നവരുടെ പ്രായത്തിൽ സംശയം തോന്നിയ ജീവനക്കാർ മദ്യം നൽകുന്നത് നിരസിച്ചതിനെ തുടർന്ന് അഞ്ചംഗ സംഘം ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപനശാല ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായതായി സൂചന. സംഭവത്തിൽ രണ്ടു ജീവനക്കാർക്കു പരിക്കേറ്റിരുന്നു.
ചേർത്തല കോടതികവലക്കു കിഴക്കുള്ള ബിവറേജസ് വില്പനശാലയിലെ ഷോപ്പ് ഇൻ ചാർജ് ജഗജിത് രഘുവരൻ (39), സെക്യൂരിറ്റി ജീവനക്കാരൻ പ്രവീണ്‍ (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. ബിവറേജസ് കോർപ്പറേഷന്റെ പ്രീമിയം കൗണ്ടറിൽ സ്കൂൾ കുട്ടികളെന്നു തോന്നിപ്പിക്കുന്ന രണ്ടുപേർ മദ്യത്തിനായി എത്തുകയായിരുന്നു. സംശയം തോന്നിയ ഇവരോട് ജീവനക്കാർ പ്രായം തെളിക്കുന്ന ഏതെങ്കിലും സർട്ടിഫിക്കറ്റ് ചോദിച്ചു.
എന്നാൽ പ്രായം തെളിക്കുന്ന ഒരു സർട്ടിഫിക്കറ്റും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് 23 വയസിനു താഴെയുളളവർക്കു മദ്യം നൽകാനാകില്ലെന്നു പറഞ്ഞ് ഇവരെ ജീവനക്കാർ തിരികെ അയക്കുകയായിരുന്നു. ജീവനക്കാരോട് തർക്കിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. പിന്നീട് രണ്ടുമണിക്കൂറിനുശേഷം ഇവർ മൂന്നു പേരെയും കൂട്ടിയെത്തി ജിവനക്കാരെ പുറത്തേക്കു വിളിച്ചശേഷം മദ്യം നിരസിച്ചതിന്റെ പേരിൽ മർദ്ദിക്കുകയായിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.