ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍നിന്ന് പിന്മാറുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ). ബോര്‍ഡിലെ ഉന്നതനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ–പാക്കിസ്ഥാന് മല്‍സരത്തിനു മേല്‍ കരിനിഴല്‍ പരക്കവെയാണ് ബിസിസിഐ ഉന്നതന്റെ പ്രതികരണം പുറത്തുവന്നത്.
മത്സരത്തില്‍ നിന്നു പിന്മാറിയാല് പാകിസ്ഥാന് വെറുതെ രണ്ടു പോയന്റ് ലഭിക്കുമെന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിഷയത്തില്‍ ഇതുവരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.’ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാന് മല്‍സരത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി കഴിഞ്ഞേ വ്യക്തത വരൂ. ലോകകപ്പ് ആരംഭിക്കാന്‍ ഇനിയും രണ്ടു മാസത്തിലേറെയുണ്ടല്ലോ. ഇക്കാര്യത്തില്‍ ഐസിസിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ല’ – ബിസിസിഐ ഉന്നതന് ചൂണ്ടിക്കാട്ടി.
‘പാക്കിസ്ഥാനുമായി ലോകകപ്പില്‍ കളിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ മല്‍സരത്തില്‍നിന്ന് ഇന്ത്യ പിന്മാറും. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷേ, കളത്തിലിറങ്ങാതെ പാക്കിസ്ഥാന് രണ്ടു പോയിന്റ് ലഭിക്കുന്ന സ്ഥിതിവിശേഷമുണ്ടാകും. ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെത്തിയാല്‍ കളിക്കാതെ തന്നെ പാക്കിസ്ഥാന് കിരീടം നേടുന്ന അവസ്ഥയുമുണ്ടാകും’ – അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഈ മാസം 27 മുതല്‍ ദുബായില്‍ ഐസിസിയുടെ യോഗം നടക്കുന്നുണ്ട്. ഇന്ത്യ–പാക്കിസ്ഥാന് മല്‍സരത്തിന്റെ കാര്യം അവിടെ ചര്‍ച്ചയ്ക്കു വരാന്‍ സാധ്യതയേറെയാണ്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി, സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാകും യോഗത്തില്‍ ബിസിസിഐയെ പ്രതിനിധീകരിക്കുക.
അതേസമയം, ഇന്ത്യ–പാക്കിസ്ഥാന് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഐസിസി കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഐസിസി സിഇഒ ഡേവിഡ് റിച്ചാര്ഡ്സന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോകകപ്പ് മല്‍സരവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ബോര്‍ഡുകള്‍ ഐസിസിയെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന് മത്സരത്തിന്റെ ടിക്കറ്റിനായി അപേക്ഷിച്ചവരുടെ എണ്ണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതിനോടകം നാലുലക്ഷം അപേക്ഷകള്‍ ലഭിച്ചെന്നാണ് ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക് ടര്‍ സ്റ്റീവ് എല്‍വര്‍ത്തി വെളിപ്പെടുത്തിയത്. എന്നാല്‍ മത്സരം നടക്കുന്ന ഓള്‍ഡ് ട്രാഫോഡില്‍ 25000 കാണികള്‍ക്കു മാത്രമേ ഇരിപ്പിടമുള്ളൂവെന്നും അതിനാല്‍ തന്നെ ധാരാളംപേര്‍ക്ക് നിരാശരാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.