സാധനങ്ങള്‍ എടുത്ത് തരാന്‍ ആളില്ല, പണം വാങ്ങാനും ആളില്ല! വില നിക്ഷേപിക്കേണ്ടത് കടയില്‍ വച്ചിരിക്കുന്ന പെട്ടിയില്‍; വിശ്വാസം അതല്ലേ എല്ലാമെന്ന് പനമ്പിള്ളി നഗറിലെ കടയുടെ നടത്തിപ്പുകാരും

ആളുകളുടെ സത്യസന്ധതയെ ബഹുമാനിച്ചുകൊണ്ട് ഒരു കട. ഈ കടയില്‍ കയറി ആവശ്യമുള്ള സാധനങ്ങള്‍ എടുത്ത് മടങ്ങാം. കാരണം, എടുത്തു തരാന്‍ ആരും ഉണ്ടാകില്ല. പണം വാങ്ങാനും ആളുണ്ടാകില്ല. സാധനത്തിന്റെ വില കടയില്‍ വച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി.

ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് പനമ്പിള്ളി നഗറിലെ റീജിയണല്‍ ഓഫീസില്‍ സത്യം കട എന്ന പേരില്‍ ഈ സംരംഭം തുടങ്ങുന്നത്. മേജര്‍ രവിയാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ട്രസ്റ്റിന്റെ ഏറ്റവും വലിയ പദ്ധതിയായ സായി ഗ്രാമത്തില്‍ നിര്‍മിച്ച ഉത്പന്നങ്ങളാണ് ഈ കടയില്‍ വില്‍പ്പനയ്ക്ക് എത്തുകയെന്ന് ട്രസ്റ്റ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെഎന്‍ ആനന്ദ കുമാര്‍ പറഞ്ഞു. വരുന്നവരെ നിരീക്ഷിക്കാന്‍ ക്യാമറകളോ ആളുകളോ മറ്റ് സംവിധാനങ്ങളോ ഉണ്ടാകില്ല. ആരും അവരുടെ മനഃസാക്ഷിയെ വഞ്ചിക്കില്ലെന്നും ആരുടേയും പ്രേരണയില്ലാതെ, സമ്മര്‍ദ്ദങ്ങളില്ലാതെ പെരുമാറുമെന്ന വിശ്വാസത്തിലാണ് കട തുടങ്ങുന്നത്. ഇതിനുള്ളില്‍ പണത്തിന്റെ കണക്കെടുപ്പല്ല. പകരം ഇന്നത്തെ മനുഷ്യ മനഃസാക്ഷിയുടെ പ്രതിഫലനം കാണാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ പത്തു മുതല്‍ അഞ്ചുവരെയാണ് കടയുടെ പ്രവര്‍ത്തനം. ഇവിടെ നിന്ന് എന്ത് നഷ്ടമായാലും അത് അനാഥരുടെയാണെന്ന് ബോര്‍ഡും കടയിലുണ്ട്. അതിലേയ്ക്ക് നോക്കിയിട്ട് എന്തെങ്കിലും മോഷ്ടിച്ചുകൊണ്ട് പോകാന്‍ സാധിക്കുന്നവര്‍ക്ക് അത് ചെയ്യാം എന്ന നിലപാടാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളത്.

Related posts