പത്തനംതിട്ട: ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്നൊഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി ജില്ലയിൽ നടന്നുവരുന്ന പട്ടയവിതരണ നടപടികളെയും ബാധിക്കും.വനമേഖലയോടു ചേർന്ന പ്രദേശങ്ങൾക്കു പട്ടയവും കൈവശാവകാശ രേഖയും നൽകുന്നതിനോടു നിലവിൽ വനംവകുപ്പിന് പൂർണ യോജിപ്പില്ല.
വനം, റവന്യു സംയുക്ത സർവേ നടത്തിയാണ് പട്ടയവിതരണം നടത്തുന്നത്. എന്നാൽ വനംവകുപ്പ് ഇതിനോടു പൂർണമായി സഹകരിക്കാറില്ല. അനുമതി ലഭിച്ചിട്ടുള്ള പ്രദേശങ്ങൾ പോലും വനഭൂമിയുടെ ഭാഗമാണെന്ന പേരിൽ പട്ടയമോ കൈവശാവകാശ രേഖയോ തടഞ്ഞുവച്ച സംഭവങ്ങളുമുണ്ട്. സമീപകാലത്ത് കോന്നിയിൽ വിതരണം ചെയ്ത പട്ടയങ്ങൾ പോലും പിന്നീടു റദ്ദാക്കി.
ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കെ വനംവകുപ്പ് നിയമങ്ങൾക്കും നടപടികൾക്കും സാധുകരണം നൽകുന്നതാണ് സുപ്രീംകോടതി വിധിയെന്ന വ്യാഖ്യാനമുണ്ടായിട്ടുണ്ട്. വന മേഖലയിൽ ആരെയും പാർപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെന്ന് പറയുന്നു.
വനാവകാശ നിയമം ആദിവാസികൾക്കു ബാധകമാണെങ്കിലും ഇതിലെ വ്യവസ്ഥകൾ സുപ്രീംകോടതി ഉത്തരവോടെ മരവിച്ചു. 1977 ജനുവരി ഒന്നിനു മുന്പ് കൈവശാവകാശമുള്ളവർക്കു പട്ടയവും തുടങ്ങി നിയമവ്യവസ്ഥകളും നിലവിലുണ്ട്. ഇത്തരം നിയമവശങ്ങൾ നിലനിൽക്കെ കോടതിയുടെ ഇടപെടൽ മൂലം വനമേഖലയിൽ ജില്ലയിൽ പട്ടയത്തിനും കൈവശാവകാശ രേഖയ്ക്കും കാത്തിരിക്കുന്നവരുടെ പ്രതീക്ഷകൾക്കും മങ്ങലേൽക്കുമോയെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു.