മാന്നാർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരളസംരക്ഷണയാത്രയിലെ സ്ഥിരാംഗം പ്രസംഗിക്കുവാൻ അവസരം നൽകാഞ്ഞതിന്റെ പേരിൽ യാത്ര ബഹിഷ്കരിച്ചു. കേരളാകോണ്‍ഗ്രസ് സ്കറിയാ വിഭാഗത്തെ പ്രതിനിധീകരിച്ച് യാത്രയിൽ ഉണ്ടായിരുന്ന ഡീക്കൻ തോമസാണ് യാത്ര ബഹിഷ്കരിച്ചിരിക്കുന്നത്.
യാത്ര മാന്നാറിൽ എത്തിയപ്പോഴാണ് പ്രസംഗിക്കുവാനുള്ള അവസരം നിഷേധിച്ചത്. മാന്നാർ സ്വദേശിയായ ഡീക്കൻ മുൻ കൂട്ടി തന്നെ മാന്നാറിൽ പ്രസംഗിക്കുവാൻ അവസരം നൽകണമെന്ന് ജാഥാംഗമായ കെ.പ്രകാശ്ബാബുവിനോട് പറഞ്ഞിരുന്നു.
ആരൊക്ക ഒാരോ കേന്ദ്രങ്ങളിലും പ്രസംഗിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നത് ജാഥാംഗമായ സിപിഐ യിലെ കെ.പ്രകാശ്ബാബു ആയിരുന്നു. പ്രകാശ്ബാബു പറഞ്ഞതനുസരിച്ച് മുൻകൂട്ടി സ്റ്റേജിൽ എത്തിയപ്പോൾ സജിചെറിയാൻ എംഎൽഎ പ്രസംഗിക്കുകയായിരുന്നു. സാധാരണ ഗതിയിൽ ജാഥാംഗങ്ങൾ എത്തുന്പോൾ മറ്റ് പ്രാസംഗികർ ഒഴിഞ്ഞ് കൊടുക്കുകയാണ് പതിവ്.
എന്നാൽ എംഎൽഎ പ്രസംഗിച്ച് കൊണ്ടേയിരുന്നപ്പോൾ തന്നെ ഡീക്കൻ അസ്വസ്ഥനായി. സജിചെറിയാന്റെ പ്രസംഗത്തിന് ശേഷം ഡീക്കനെ വിളിക്കുമെന്ന് കരുതിയെങ്കിലും ടി.ജെ.ആഞ്ചലോസിനെയാണ് പ്രസംഗിക്കുവാൻ ക്ഷണിച്ചത്. മാന്നാറിലെ പ്രാദേശിക നേതൃത്വം ഇടപെട്ട് തന്നെ പ്രസംഗത്തിൽ നിന്ന് ഒഴിവാക്കിയതാണെന്ന് ആരോപിച്ച് ഡീക്കൻ ഇറങ്ങിപ്പോയി. യാത്രയിൽ ഇനി പങ്കെടുക്കില്ലെന്ന് ഡീക്കൻ തോമസ് പറഞ്ഞു.