സി.സി.സോമൻ
കോട്ടയം: ബസ്, ട്രെയിൻ, മെട്രോ യാത്രകളിൽ സ്ത്രീകളെ പുറകിൽ നിന്ന് ശല്യപ്പെടുത്തിയാൽ ആദ്യം രൂക്ഷമായി നോക്കി പേടിപ്പിക്കാൻ ശ്രമിക്കുക എന്നിട്ടും ശല്യക്കാരൻ പിൻമാറുന്ന ലക്ഷണമില്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കും വിധം ‘ച്ഛി’ എന്നുച്ചത്തിൽ മാറി നിൽക്കാൻ പറയുക.
എന്നിട്ടും ശല്യക്കാരൻ മാറുന്നില്ലെങ്കിൽ എന്തു ചെയ്യണമെന്ന് കേരളാ പോലീസ് തയാറാക്കിയ സ്ത്രീകൾക്കുള്ള സ്വയം രക്ഷാ പാഠം എന്ന ലഘുപുസ്തകത്തിൽ പറയുന്നതു പോലെ ചെയ്യുക. പുസ്തകത്തിൽ പറയുന്നതിങ്ങനെ: മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും ശല്യം തുടർന്നാൽ അയാൾ നിൽക്കുന്ന സ്ഥാനം കൃത്യമായി മനസിലാക്കാൻ പുറകിലേക്ക് നോക്കുക.
അതിനു ശേഷം കൈമുട്ടുകൊണ്ട് അയാളുടെ നെഞ്ചിൻകുഴിയിൽ പ്രഹരിക്കുന്നതോടൊപ്പം അൽപം ചരിഞ്ഞ് മടിക്കുത്തിൽ ശക്തിയായി പ്രഹരിക്കുകയോ വെട്ടിത്തിരിഞ്ഞ് കൈമുട്ടുകൊണ്ട് അക്രമിയുടെ മുഖത്ത് ഇടിക്കുകയോ ചെയ്ത് രക്ഷപ്പെടുക. പിറകിൽക്കൂടി മാല പിടിച്ചുപറിക്കാൻ വന്നാൽ വലതു ഭാഗത്താണെങ്കിൽ ഇടതുകൈകൊണ്ടും ഇടതു ഭാഗത്താണെങ്കിൽ വലതു കൈകൊണ്ടും അക്രമിയുടെ കൈത്തണ്ടയിൽ പിടിച്ച് തിരിക്കുന്നതോടൊപ്പം മറുകൈകൊണ്ടുകൂടി എതിരാളിയുടെ കൈ ശക്തിയായി തിരിച്ച് മടിക്കുത്തിൽ പ്രഹരിച്ച് രക്ഷപ്പെടാം.
പുറകിൽക്കൂടി അക്രമി ഒരു കൈകൊണ്ട് ബാഗിൽ പിടിച്ചുവലിച്ചാൽ നമ്മൾ ബാഗിൽ മുറുകെ പിടിക്കുന്നതോടൊപ്പംതന്നെ ബാഗ് തൂക്കിയിരുന്ന വശത്തേക്ക് പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് അക്രമിയുടെ മൂക്കിൽ ഉള്ളംകൈകൊണ്ട് ഇടിക്കുകയും കാൽമുട്ടുകൊണ്ട് മടിക്കുത്തിൽ തൊഴിക്കുകയും ചെയ്ത് അക്രമിയെ കീഴ്പ്പെടുത്താവുന്നതാണ് പുറകിൽ നിന്ന് രണ്ടു കൈകൊണ്ട് ബാഗിൽ പിടിച്ചാൽ വലതുഭാഗത്താണെങ്കിൽ ഇടതു ഭാഗത്തേക്കും ഇടതു ഭാഗത്താണെങ്കിൽ വലതുഭാഗത്തേക്കും പെട്ടെന്ന് വെട്ടിത്തിരിയുന്നതോടൊപ്പം അക്രമിയുടെ ഇരുകൈകളുടെയും മുകളിൽക്കൂടി ഇടതു,വലത് ലോക്ക് ചെയ്തു പിടിക്കുക.
ഇതേ സമയം മറുകൈയുടെ ഉള്ളം കൈകൊണ്ട് അക്രമിയുടെ മൂക്കിൽ പ്രഹരിക്കുന്നതോടൊപ്പം തള്ളി വീഴ്ത്തുകയും ചെയ്യാവുന്നതാണ്. ഒരു കൈകൊണ്ട് അക്രമി സ്ത്രീയുടെ കൈയ്യിൽ കടന്നുപിടിച്ചാൽ എതിരാളിയുടെ പിടിത്തത്തിൽ ഏറ്റവും ദുർബലഭാഗമായ വിരലുകൾ തമ്മിൽ ചേരുന്ന ഭാഗത്തേക്ക് കൈ തിരിക്കുന്നതോടൊപ്പം തന്നെ ശരീരവും തിരിച്ചാൽ എത്ര ശക്തിയുള്ള പിടിത്തവും വിടുവിക്കാവുന്നതാണ്.
പിടിത്തമുള്ള കൈയുടെ എതിർഭാഗത്തെ കാൽ എതിരാളിയുടെ അടുത്തേക്ക് മുന്നോട്ടുവച്ച് നിങ്ങളുടെ കൈയുടെ എല്ലിന്റെ ഭാഗം എതിരാളിയുടെ വിരലുകൾ കൂടിച്ചേരുന്ന ഭാഗത്തേക്ക് തിരിച്ച് പുറകോട്ടു തിരിഞ്ഞ് ഓടി മാറാവുന്നതാണ്.
സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗന്പടം മൈതാനത്ത് തയാറാക്കിയ പ്രദർശന നഗരിയിലെ ജില്ലാ പോലീസിന്റെ സ്റ്റാളിൽ സ്ത്രീസുരക്ഷാപഠനം സംബന്ധിച്ച ലഘു പുസ്തകം സൗജന്യമായി ലഭിക്കും. മറ്റുപലതരത്തിലുള്ള ആക്രമണങ്ങൾ അടക്കം സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
സ്ത്രീകൾക്കെതിരേ ഏതൊക്കെ രീതിയാണ് അക്രമങ്ങൾ നടക്കുന്നത്, അതിനെ എങ്ങനെ പ്രതികരിക്കാമെന്നും പുസ്തകത്തിൽ പറയുന്നു. സ്ത്രീ സുരക്ഷയ്ക്കും ക്ഷേമത്തിനും കേരള പോലീസ് സംവിധാനങ്ങൾ എന്തൊക്കെയെന്ന് പുസ്തകം വിവരിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗിക കുറ്റകൃത്യങ്ങളും ശിക്ഷയെക്കുറിച്ചും മനസിലാക്കാം.
ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമം തുടങ്ങി സ്ത്രീ സുരക്ഷ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ ലഘു പുസ്കത്തിൽ വിവരിക്കുന്നു. സ്വയം രക്ഷാ പാഠങ്ങൾ മനസിലാക്കി അതിക്രമ സാഹചര്യങ്ങളെ കൂടുതൽ കരുത്തോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ സ്ത്രീകൾക്ക് ലഘുപുസ്കതം ഉപകരിക്കും.