റോബിൻ ജോർജ്
കൊച്ചി: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ ആദ്യഘട്ടത്തിൽനിന്ന് പട്ടയമില്ലാത്ത കർഷകർ പുറത്ത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽമാത്രം പദ്ധതിക്കായി മറ്റൊരു നിയമം കൊണ്ടുവരാൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ തലത്തിൽനിന്ന് അറിയിപ്പ് ലഭിച്ചതോടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ പതിനായിരക്കണക്കിന് കർഷകർ പദ്ധതിയിൽനിന്ന് പുറത്താകുക.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കർഷകർ അധിവസിക്കുന്ന ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളിൽനിന്നുള്ളവരാണ് പുറത്താകുന്നവരിൽ ഭൂരിഭാഗവും. ഈ മാസം 24നാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം അപേക്ഷ സമർപ്പിച്ചവരിൽ അർഹരെ കണ്ടെത്തി വരും ദിവസങ്ങളിൽതന്നെ തുക കൈമാറുന്നതിനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടന്നുവരികയാണ്.
ബുധനാഴ്ച വൈകിട്ടുവരെ സംസ്ഥാനത്തുനിന്ന് 79,660 കർഷകരുടെ അപേക്ഷകൾ പിഎം കിസാൻ സമ്മാൻ നിധി പോർട്ടലിലേക്ക് അപ്ലോഡ് ചെയ്തു കഴിഞ്ഞു. കേന്ദ്ര സർക്കാർ തലത്തിൽ പരിശോധനകൾ പുർത്തീകരിച്ചശേഷമാകും തുക കൈമാറുക. ആധാർ പരിശോധനയിലൂടെ കർഷകരുടെ സാന്പത്തിക, വരുമാന മാർഗങ്ങൾ വിലയിരുത്തിയശേഷമേ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൂ. അപേക്ഷ സ്വീകരിക്കുന്നതിനാവശ്യമായ രേഖകളിൽ പ്രധാനം കരമടച്ച രസീതിന്റെ പകർപ്പാണ്.
സ്വന്തം പേരിൽ പട്ടയമോ കൈവശവകാശ രേഖകളോ ഇല്ലാത്ത മലയോര കർഷകർക്കാകട്ടെ കരമടച്ച രസീത് ലഭ്യമല്ലതാനും. ഇതു സംബന്ധിച്ച വിവരം സംസ്ഥാന തലത്തിൽനിന്നുതന്നെ കേന്ദ്ര സർക്കാർ തലത്തിൽ അറിയിച്ചിരുന്നു.
കരമടച്ച രസീതിന്റെ പകർപ്പ് ലഭ്യമല്ലാത്തവരെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന അറിയിപ്പാണ് ലഭിച്ചതെന്നും അടുത്തഘട്ടത്തിൽ ഇതിന് മാറ്റമുണ്ടാകാൻ സാധ്യതയുള്ളതായും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പ്രളയക്കെടുതിയിൽ ഏറെ വലഞ്ഞ മലയോര കർഷകർ പദ്ധതിയുടെ ആദ്യഘട്ടത്തിൽനിന്ന് പുറത്താകുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ക്ഷീണം സംഭവിപ്പിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. പദ്ധതി കേന്ദ്ര സർക്കാരിന്റേതാണെന്നും തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
അതിനിടെ, അപേക്ഷകൻ നേരിട്ടെത്തി അപേക്ഷ നൽകേണ്ടതില്ലെന്നും ഇത്തരം നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും കൃഷി വകുപ്പ് അധികൃതർ കൂട്ടിച്ചേർത്തു. കൃഷിക്കാർക്ക് 6000 രൂപ പ്രതിവർഷ സഹായം നൽകാൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതാണ് പിഎം കിസാൻ സമ്മാൻ നിധി പദ്ധതി.
ഉടൻ അപേക്ഷ നൽകണമെന്ന വാർത്ത പരന്നതോടെ മിക്ക കൃഷി ഓഫീസുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അപേക്ഷകർ നേരിട്ടെത്തണമെന്ന നിലപാട് പല കൃഷി ഓഫീസർമാരും സ്വീകരിക്കുന്നത് പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.