ആമ്പല്ലൂർ: പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശിവദാസനും കുടുംബത്തിനുമായി വീടൊരുങ്ങുന്നു. ഇതിന്റെ തറക്കല്ലിടൽ കർമം ഇന്നലെ നടന്ന ചടങ്ങിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. മാമ്പുഴ നികർത്തിൽ ശിവദാസനും ഭിന്നശേഷിക്കാരിയായ മകൾ അപർണ, പ്രായമായ അമ്മ കുഞ്ഞമ്മ, ഭാര്യ അംബിക, സഹോദരി പ്രസന്ന, സാമ്പത്തിക ബുദ്ധിമുട്ടിനാൽ പഠനം മുടങ്ങിയ മകൾ ആതിര എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്ന വീട് കഴിഞ്ഞ പ്രളയത്തിൽ പൂർണമായും നശിച്ചുപോയിരുന്നു.
പോകാൻ മറ്റൊരിടമില്ലാതിരുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചപ്പോൾ കുടുംബത്തിന് കീച്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ അഭയം തേടേണ്ടിവരികയും ചെയ്തിരുന്നു. സാന്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ശിവദാസന്റെ കുടുംബം അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താൻ പോലും വളരെ ബുദ്ധിമുട്ടിലായിരുന്നു. ഇക്കാര്യമറിഞ്ഞ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ശിവദാസനും കുടുംബത്തിനും വീടൊരുക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമായ ബി.ബി. ഹൗസിൽ ബിനു ചാക്കോയും കുടുംബവും വീട് നിർമിക്കാൻ അഞ്ചു സെന്റ് സ്ഥലം സൗജന്യമായി നൽകി.തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസിന്റെയും പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബിന്റെയും ശ്രമഫലമായി വിദേശമലയാളിയായ ജോർജ് മാത്യു വടക്കേക്കൂറ്റ് വീട് നിർമിച്ചു നൽകാൻ മുന്നോട്ടു വരികയായിരുന്നു. 6 ലക്ഷം രൂപ ചിലവിൽ 614 സ്ക്വയർഫീറ്റ് വീടാണ് നിർമിക്കുന്നത്.
അതിനോടനുബന്ധിച്ച് കിണർ നിർമിക്കുന്നതിനായി സമീപത്തുള്ള അമ്പാട്ടിൽ കുടുംബം 75,000 രൂപയും നൽകി. ഇന്നലെ നടന്ന ശിലാ സ്ഥാപന ചടങ്ങിൽ പിറവം മുനിസിപ്പൽ ചെയർമാൻ സാബു. കെ. ജേക്കബ്, തോട്ടറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജേക്കബ് മുല്ലൂർ , ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ്, കെ.ജെ. ജോസഫ്, എം.എസ്. ഹമീദ്കുട്ടിഎന്നിവർ സംബന്ധിച്ചു.