പുൽവാമ ഭീകരാക്രമണ, യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ കൊലപാതക വിഷയങ്ങളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. ജവാൻമാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരാണെന്നു മോഹൻലാൽ ബ്ലോഗിൽ എഴുതി. അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം, നമ്മുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
“ശന്പളത്തിനുവേണ്ടിയലല്ല ജവാൻമാർ ജോലി ചെയ്യുന്നത്. മരണം മുന്നിൽവന്നു നിൽക്കുന്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്കു കണ്ണുനട്ടിരിക്കുന്പോൾ പിന്നിൽ ഒരു മഹാരാജ്യമാണ് പരന്നു കിടക്കുന്നത് എന്ന കാര്യം അവർക്കറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, ഉയരങ്ങളിലേക്കു വളരണം എന്നാണ് ഓരോ നിമിഷവും അവർ പറയുന്നത്’
“രാജ്യത്തിന്റെ വടക്കുഭാഗത്ത് ജവാൻമാർ കൊല്ലപ്പെടുന്പോൾ നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാൻമാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരായിരുന്നു. അതിർത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം. എന്നാൽ നമ്മുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും’
അവരെ ഒറ്റപ്പെടുത്തുക. തള്ളികളയുക. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക. മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളിൽ നിറയാതിരിക്കട്ടെ. അതെ അവർ മരിച്ച് കൊണ്ടേയിരിക്കുന്നു. നാം ജീവിക്കുന്നു- മോഹൻലാൽ ബ്ലോഗിൽ എഴുതി.
ജീവിച്ചിരിക്കുന്ന, ഹൃദയമുളള മനുഷ്യർക്കു വേണ്ടി മാപ്പ് എന്നു പറഞ്ഞുകൊണ്ടാണ് മോഹൻലാലിന്റെ കുറിപ്പ് അവസാനിക്കുന്നത്. വോയ്സ് ക്ലിപ്പോടുകൂടിയ മോഹൻലാലിന്റെ കുറിപ്പ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.