റാന്നി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠിക്കാൻ സമർഥരായ കുട്ടികൾക്കു വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച കുട്ടികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലായി.കുട്ടികൾ പഠിച്ചിറങ്ങുന്പോൾ തൊഴിൽ ലഭിക്കുമെന്നും തൊഴിലിൽ നിന്നുള്ള വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാമെന്നുമായിരുന്നു പ്രതീക്ഷയെങ്കിലും അതു നടന്നില്ലെന്നു മാത്രമല്ല, ബാങ്ക്, റവന്യു ഉദ്യോഗസ്ഥരുടെ നിരന്തര ജപ്തി ഭീഷണിമൂലം ആത്മഹത്യയുടെ വക്കിലാണ് പലരും.
ജപ്തി ഭീഷണിമൂലം രക്ഷിതാക്കളും കുട്ടികളും അടക്കം 27 ഓളം പേർ ആത്മഹത്യ ചെയ്തതാണ് കണക്കുകൾ പറയുന്നത്. എന്നാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി കളോ മാറി മാറി വരുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളോ ഈ പ്രശ്നത്തിന് ഗ്വാശ്വത പരിഹാരം കാണാൻ തയാറാകുന്നില്ലെന്നാണ് പരാതി.
വായ്പയെടുത്തു പഠിച്ച നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭിക്കുന്നില്ല. സ്വകാര്യ മേഖലയിലും മറ്റും തൊഴിൽ ലഭിച്ചവർക്കാകട്ടെ മാന്യമായ വേതനവും ഇല്ലെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പയുടെ പലിശയാകട്ടെ രാജ്യത്തെ മറ്റെല്ലാ വായ്പകളുടെയും പലിശയേക്കാൾ ഇരട്ടിയോളമാണ്. 2014ൽ വിദ്യാഭ്യാസ വായ്പയുടെ പലിശ ഇളവിനായി കേന്ദ്ര സർക്കാർ 2600 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ബഹുഭൂരിപക്ഷം കുട്ടികൾക്കും നാളിതുവരെ അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല.
2016 ജൂലൈയിൽ വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്തവർക്ക് ആശ്വാസമായി 100 കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അതും പ്രഖ്യാപനത്തിൽ ഒതുങ്ങി. 2017 മേയ് 16ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയിലേക്ക് നിശ്ചിത കാലയളവിനുള്ളിൽ അപേക്ഷ കൊടുക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല.
ബാങ്കുകളിൽ കൊടുത്ത അപേക്ഷകളാകട്ടെ പല കാരണങ്ങൾ പറഞ്ഞു് ബാങ്കുകൾ നിരാകരിച്ചു. എണ്പതിനായിരത്തോളം അപേക്ഷകൾ സർക്കാർ സ്വീകരിച്ചെങ്കിലും വളരെ കുറച്ചു പേർക്കു മാത്രമാണ് സഹായം ലഭിച്ചത്.
ർക്കാർ നിശ്ചയിച്ച വിഹിതം അടച്ചവർക്കും വീണ്ടും ബാങ്കുകളിൽ നിന്നും നോട്ടീസുകൾ ലഭിക്കുന്നതായും പരാതിയുണ്ട്. വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാൻ ചില കുത്തക കന്പനിളെ ബാങ്കകൾ ചുമതലപ്പെടുത്തിയിരിക്കുന്നതിനാൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായ പദ്ധതിയിൽ അപേക്ഷ നൽകാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല. സുതാര്യമായ ഒരു ദേശീയ വിദ്യാഭ്യാസനയം അടിയന്തിരമായി പ്രഖ്യാപിച്ച് നടപ്പിലാക്കാൻ സർക്കാരുകൾ തയാറാകണമെന്നാവശ്യപ്പെട്ട് നാഷണൽ നഴ്സസ് ആൻഡ് പേരന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 25 ന് റാന്നിയിൽ സമ്മേളനം സംഘടിപ്പിക്കും.നാല് ലക്ഷം രുപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾ സർക്കാർ ഏറ്റെടുക്കുക,
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സുപ്രീം കോടതി നിർദ്ദേശിച്ച കുറഞ്ഞ ശന്പളം 20000രൂപയാക്കി ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുമെന്ന് ജില്ലാ സെക്രട്ടറി ജേക്കബ് പോൾ അറിയിച്ചു.