ചെന്നൈ: തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിൽക്കയറി വെട്ടിക്കൊന്നു. കടലൂർ ജില്ലയിലെ കുറിഞ്ചിപ്പടിയിലാണ് സംഭവം. കുറിഞ്ചിപ്പടി ഗായത്രി മെട്രുക്കുലേഷൻ സ്കൂൾ അധ്യാപിക എസ് രമ്യ (23) ആണ് കൊല്ലപ്പെട്ടത്.
സ്കൂളിലെ ഗണിത അധ്യാപികയാണ് രമ്യ. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. ക്ലാസ് മുറിയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന രമ്യയെ വിരുധാചലം സ്വദേശി രാജശേഖര്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയത്. വിവാഹാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറയുന്നു. സ്കൂളിൽ മറ്റൊരു അധ്യാപകൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സ്കൂളിനു സമീപത്താണ് രമ്യയുടെ വീട്. മിക്ക ദിവസങ്ങളിലും അവര്‍ നേരത്തേ സ്കൂളിലെത്തും. ക്ലാസ് മുറിയിലിരുന്ന രമ്യയോട് രാജശേഖര്‍ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയിരിക്കാമെന്നും ഇതു നിരസിച്ചതാവാം കൊലയ്ക്കു കാരണമായതെന്നും പോലീസ് കരുതുന്നു. കോളജ് പഠനകാലം മുതല്‍ രാജശേഖറിനു രമ്യയെ അറിയാം.
രമ്യയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആറു മാസം മുമ്പ് രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതു നിരസിച്ചിരുന്നു. ഒളിവിൽപോയ രാജശേഖര്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.