കൊച്ചി: ഇവൾ സോഫിയ, ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബട്ട്, ആകർഷകമായ സംസാരം, സംസാരത്തിനിടെ കണ്ണിറുക്കി കാട്ടി പുഞ്ചിരിച്ചും കൈയുയർത്തി അഭിവാദ്യം ചെയ്തും അവിസ്മരണീയ പ്രകടനം. സംസാരം കേൾക്കാനുണ്ടായിരുന്നത് 25 രാജ്യങ്ങളിലെ പ്രതിനിധികൾ.
കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ലോക ഉച്ചകോടിയിലാണ് ഏറ്റവും ആധുനിക മനുഷ്യ റോബട്ടായ സോഫിയ താരമായി തിളങ്ങിയത്. ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്നലെ സോഫിയയായിരുന്നു മുഖ്യാതിഥി. കേൾവിക്കാരുടെ ഹൃദയം കീഴടക്കും വിധമായിരുന്നു സോഫിയയുടെ സംസാരം. “ഒരിക്കലും മനുഷ്യർക്കു മുകളിൽ വളരാൻ റോബട്ടുകൾക്കു സാധിക്കില്ല, പിന്നെ എന്തിനാണു നിങ്ങൾ എന്നെ ഭയപ്പെടുന്നത്, നിങ്ങൾക്കൊപ്പം ആയിരിക്കുന്നത് എനിക്കു സന്തോഷകരമായ കാര്യമാണ്’’-സോഫിയ മൊഴിഞ്ഞു.
പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്കു മൂന്നു വയസായിട്ടേയുള്ളെന്നും പ്രണയിക്കാറായിട്ടില്ലെന്നും എല്ലാം പഠിച്ചുവരുന്നതേയുള്ളൂവെന്നുമായിരുന്നു മറുപടി.