സാൻഫ്രാൻസിസ്കോ: ലോകത്തിലെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണ്‍ സാംസംഗ് അവതരിപ്പിച്ചു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നടന്ന അണ്‍പാക്ക്ഡ് 2019 പരിപാടിയിലാണ് ഗാലക്സി ഫോൾഡ് എന്ന ഏറ്റവും പുതിയ മോഡൽ സാംസംഗ് അവതരിപ്പിച്ചത്. 4.6 ഇഞ്ച് പ്രൈമറി ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണ്‍ നിവർത്തിയാൽ 7.3 ഇഞ്ച് ടാബ്ലെറ്റ് ആയി മാറും. എന്നാൽ, സ്ക്രീനിൽ മടങ്ങിയ പാടുണ്ടാവില്ലെന്നതാണ് പ്രത്യേകത.
സാംസംഗ് ഇതുവരെ ഇറക്കിയതിൽ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ ആണിത്. 1,980 ഡോളർ വിലയുള്ള ഗാലക്സി ഫോൾഡ് ഇന്ത്യയിലെത്തുന്പോൾ ഏകദേശം 1.41 ലക്ഷം രൂപ വിലവരും. എന്നാൽ, ഇന്ത്യയിൽ വില്പനയ്ക്കെത്തുന്പോൾ മാത്രമേ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഏപ്രിൽ 26 മുതൽ ലോകവ്യാപകമായി വില്പന തുടങ്ങും.
7എൻഎം 64 ബിറ്റ് ഒക്ടാ കോർ പ്രോസസർ, ആൻഡ്രോയ്ഡ് 9.0 പൈ ഒഎസ്, 12 ജിബി റാം, 512 ജിബി റോം (മൈക്രോ കാർഡ് സ്ലോട്ട് ഇല്ല), 6 കാമറ (റിയർ ട്രിപ്പിൾ കാമറ, നടുവിൽ 1, മുന്നിൽ 2), 2 സ്ക്രീനുകൾക്കുമായി 2 ബാറ്ററികൾ (ആകെ 4,380 എംഎഎച്ച്), മൾട്ടി ടാസ്കിംഗ് സംവിധാനം (ഒരേസമയം മൂന്ന് ആപ്പുകൾ ഒരു ഡിസ്പ്ലേയിൽ പ്രവർത്തിപ്പിക്കാം), 5 ജി നെറ്റ്വർക്ക് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
ട്രിപ്പിൾ കാമറയിൽ 16 എംപി, 12 എംപി, 12 എംപി സെറ്റപ് ആണുള്ളത്. ഇതിൽ 16 എംപി അൾട്രാ വൈഡ് ആംഗിളും 12 എംപി വൈഡ് ആംഗിളും 12 എംപി ടെലിഫോട്ടോയുമാണ്. മുന്നിൽ 10+8എംപി ഡുവൽ ലെൻസ് കാമറയാണ്.