ഡേവിസ് പൈനാടത്ത്
പോളിംഗ് ബൂത്തിൽ വോട്ടുചെയ്യേണ്ട സ്ഥാനാർഥിയെ കണ്ടെത്താൻ 50 പേജുള്ള ഒരു ബുക്ലെറ്റ് മറിച്ചുനോക്കേണ്ടിവന്നാലോ? കഷ്ടമായിരിക്കും അല്ലേ. അതാണ് 1996ൽ ആന്ധ്രപ്രദേശിലെ (ഇന്നു തെലങ്കാന) നൽഗോണ്ടയിൽ സംഭവിച്ചത്.
നൽഗോണ്ട ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ എണ്ണം സർവകാല റിക്കാർഡായിരുന്നു, 480 പേർ. 477 പേർക്കും കെട്ടിവച്ച കാശുപോയി. രാജ്യത്തെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു ലോക്സഭാ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച റിക്കാർഡും അതോടെ നൽഗോണ്ട സ്വന്തം പേരിലാക്കി.
1996ൽത്തന്നെ കർണാടകയിലെ ബെൽഗാമിൽ 456 പേർ സ്ഥാനാർഥികളായി നൽഗോണ്ടയ്ക്കു പിറകിൽ രണ്ടാംസ്ഥാനം നേടി. ഇവിടെ 454 പേർക്കും കെട്ടിവച്ച പണം നഷ്ടമായി. ഇതേ പൊതുതെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിൽ 122 സ്ഥാനാർഥികൾ മത്സരിക്കാനുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഈസ്റ്റ് ഡൽഹിയിലെ ഈ സ്ഥാനാർഥിപ്പട ഹരിയാനയിലെ ഭിവാനിക്കൊപ്പം മൂന്നാംസ്ഥാനം പങ്കിടുന്നു.
1989ൽ ഭിവാനി മണ്ഡലത്തിൽ 122 സ്ഥാനാർഥികളുണ്ടായിരുന്നു. അടുത്ത സ്ഥാനവും ഈസ്റ്റ് ഡൽഹിക്കുതന്നെയാണ്. 1991ലെ തെരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹിയിൽ 105 സ്ഥാനാർഥികളാണ് അങ്കം കുറിച്ചത്. 102 പേർക്കും കെട്ടിവച്ച കാശുപോയെന്നതു വേറേകാര്യം.
ഇനിയാരും തകർക്കാനിടയില്ലാത്ത റിക്കാർഡാണ് നൽഗോണ്ടയടക്കമുള്ള ഈ മുൻനിരക്കാരുടേത്. കാരണമുണ്ട്. 1996ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാൻ കെട്ടിവയ്ക്കേണ്ട തുക പൊതുവിഭാഗത്തിൽ വെറും അഞ്ഞൂറു രൂപയായിരുന്നു. പട്ടികജാതി പട്ടികവർഗക്കാർക്ക് 250 രൂപയും.
എന്നാൽ, 1996ലെ സ്ഥാനാർഥിപ്രളയം കെട്ടിവയ്ക്കേണ്ട തുക കാര്യമായി വർധിപ്പിക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷനു പ്രേരണയായി. പൊതുവിഭാഗത്തിന് 25,000 രൂപയും പട്ടികജാതി പട്ടികവർഗക്കാർക്ക് 12,500 രൂപയുമാക്കി കമ്മീഷൻ ഉയർത്തി.
എന്നുവച്ചാൽ, ഇന്നത്തെ നിരക്കിൽ സ്ഥാനാർഥികൾ പണം കെട്ടിവച്ച് മത്സരിച്ചിരുന്നെങ്കിൽ, 1996ൽ നൽഗോണ്ടയിലും ബെൽഗാമിലും സ്ഥാനാർഥികളായിരുന്നവരിൽനിന്നും രണ്ടരക്കോടിയോളം രൂപ സർക്കാരിനു ലഭിക്കുമായിരുന്നു (477 + 454 x 25,000). അന്നത്തെ നിരക്കിൽ ലഭിച്ചതു അഞ്ചുലക്ഷം രൂപയിൽ താഴെ മാത്രം.
കളത്തിനു പുറത്ത്
സ്ഥാനാർഥിപ്പടയിൽപ്പെട്ട പ്രധാന സ്ഥാനാർഥികളൊഴികെ മിക്കവാറും പേർ പിന്നീട് മത്സരരംഗത്തു വരാൻ പറ്റാത്ത അവസ്ഥയിലാവുന്ന സ്ഥിതിവിശേഷവുമുണ്ട്. കാരണം, ഇവർ മിക്കവാറും ചട്ടപ്രകാരമുള്ള തെരഞ്ഞെടുപ്പു ചെലവു കണക്ക് കമ്മീഷനു സമർപ്പിക്കാറില്ല. അതോടെ തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് ഇവരെ കമ്മീഷൻ വിലക്കും.
കാരണം ശ്രദ്ധക്ഷണിക്കൽ
നൽഗോണ്ടയിലെ അത്യപൂർവ സ്ഥാനാർഥിപ്രളയത്തിന് ഒരു കാരണമുണ്ടായിരുന്നു. തങ്ങളനുഭവിക്കുന്ന കടുത്ത കുടിവെള്ള പ്രശ്നത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയായിരുന്നു സ്ഥാനാർഥിപ്പടയുടെ ലക്ഷ്യം. കുടിവെള്ളത്തിൽ അമിതമായ ഫ്ലൂറൈഡ് സാന്നിധ്യമായിരുന്നു അവർ നേരിട്ടിരുന്ന പ്രശ്നം.
ബെൽഗാമിനുണ്ടായിരുന്നു ശ്രദ്ധ ക്ഷണിക്കേണ്ട ഒരു വിഷയം. മറാത്തി സംസാരിക്കുന്ന ബെൽഗാം നിവാസികൾ ബെൽഗാമിനെ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്ന വിഷയം സ്ഥാനാർഥിപ്പടയിലൂടെ മുന്നോട്ടുവയ്ക്കുകയായിരുന്നു.
എന്തായാലും, നൽഗോണ്ടയുടെയും ബെൽഗാമിന്റെയും പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല.
നിയമസഭയിൽ മൊടകുറിശി
നിയമസഭാതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ സ്ഥാനാർഥിപ്പടയിറങ്ങിയതു തമിഴ്നാട്ടിലെ മൊടകുറിശിയിലാണ്. അതും 1996ലെ തെരഞ്ഞെടുപ്പിലായിരുന്നു. 1033 പേരാണ് ഇവിടെ സ്ഥാനാർഥികളായത്. സമയത്തു ബാലറ്റ് പേപ്പറുകൾ (ബാലറ്റ് ബുക്കെന്നും പറയാം) തയാറാക്കാനാവാതെ വന്നതിനാൽ ഇവിടത്തെ വോട്ടെടുപ്പ് ഒരു മാസം നീട്ടിവയ്ക്കേണ്ടിയും വന്നു. പോളിംഗ് സമയവും രണ്ടുമണിക്കൂർ ദീർഘിപ്പിച്ചു.
മൂന്നു സ്ഥാനാർഥികൾക്കൊഴികെ എല്ലാവർക്കും, എന്നുവച്ചാൽ 1030 പേർക്കും കെട്ടിവച്ച കാശുപോയി. കൗതുകം തീരുന്നില്ല. 88 സ്ഥാനാർഥികൾക്കു സ്വന്തം വോട്ടുപോലും കിട്ടിയില്ല. കിട്ടിയ വോട്ട് പൂജ്യം. 158 സ്ഥാനാർഥികൾക്കു കിട്ടിയതാകട്ടെ സ്വന്തം വോട്ടുമാത്രവും.