തൊടുപുഴ: തുടർച്ചയായി രണ്ടു മാസം റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കാനുള്ള നീക്കം സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ചതോടെ റേഷൻ കടകളിൽ തിരക്കേറിതുടങ്ങി. വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും മറ്റും കാർഡുകൾ മരവിപ്പിക്കാതിരിക്കാൻ റേഷൻ കടകളിലെത്തി അനുവദനീയമായ ഉത്പന്നങ്ങൾ വാങ്ങിത്തുടങ്ങി.
എന്നാൽ ഉപഭോക്താവിന് കേരളത്തിൽ എവിടെയുമുള്ള റേഷൻ കടകളിൽ നിന്നും റേഷൻ ഉത്പന്നങ്ങൾ വാങ്ങാമെന്നുള്ള പോർട്ടബിലിറ്റി സംവിധാനത്തെക്കുറിച്ച് കൂടുതൽ പേർക്കും അറിവില്ലാത്തതിനാലാണ് കടകളിൽ തിരക്ക് വർധിക്കാനിടയായതെന്നു സിവിൽസപ്ലൈസ് വകുപ്പ് അധികൃതർ പറഞ്ഞു.
രണ്ടു മാസം റേഷൻ സാധനങ്ങൾ വാങ്ങാതിരിക്കുന്നവരുടെ കാർഡുകൾ ആറു മാസത്തേക്കായിരിക്കും മരവിപ്പിക്കുക. ഈ കാലയളവിൽ കാർഡ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും റേഷൻ സാധനങ്ങൾ വാങ്ങാനാവില്ല. പിന്നീട് റേഷൻ പുനഃസ്ഥാപിച്ചു കിട്ടാൻ വീണ്ടും അപേക്ഷ നൽകണം.
നിലവിൽ മരവിപ്പിക്കൽ ഭീഷണി നേരിടുന്ന കാർഡുടമകളിൽ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും വിദേശത്ത് ജോലി ചെയ്യുന്നവരുമുണ്ട്. ജില്ലയിൽ 22,606 റേഷൻ കാർഡുകൾ മരവിപ്പിക്കാനുള്ള നടപടിയാണ് സപ്ലൈ വകുപ്പ് തുടങ്ങിയിരിക്കുന്നത്.
നവംബർ, ഡിസംബർ മാസങ്ങളിൽ തുടർച്ചയായി റേഷൻ വാങ്ങാത്ത കാർഡ് ഉടമകളെ കുറിച്ചുള്ള വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്പെക്ടർമാരുമാണ് ശേഖരിക്കുന്നത്.
തൊടുപുഴ താലൂക്ക് 6584, ഇടുക്കി – 3854, ഉടുന്പൻചോല -3944, ദേവികുളം – 5732, പീരുമേട് – 2492 കാർഡുകളാണ് മരവിപ്പിക്കൽ ലിസ്റ്റിലുള്ളത്. റേഷൻ വാങ്ങാത്ത മുൻഗണന പട്ടികയിലുള്ള കാർഡുകൾ മരവിപ്പിക്കാനും ഇത് അർഹരായ മറ്റുള്ളവർക്ക് നൽകുന്നതിനുമാണ് നടപടി.
റേഷൻ കാർഡുകളിൽ ഇ-പോസ് മെഷീൻ സംവിധാനം നിലവിൽ വന്നതോടെ സംസ്ഥാനത്തെ ഏതു കടയിൽ നിന്നും താലൂക്കിൽ അനുവദിക്കപ്പെട്ട റേഷൻ അലോട്ടുമെന്റിനനുസരിച്ച് സാധനങ്ങൾ ലഭിക്കും. എന്നാൽ മറ്റു പല സ്ഥലത്തുമുള്ള കാർഡുടമകൾ ഈ സംവിധാനത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് വസ്തുത.
ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ഇത്രയും കാർഡുകൾ മരവിപ്പിക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടില്ലായെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇ-പോസ് മെഷീൻ ഉപയോഗിച്ചു റേഷൻ വിതരണം നടത്തുന്നതിനാൽ കാർഡ് ഉടമ അല്ലെങ്കിൽ കാർഡിലെ ഏതെങ്കിലും അംഗത്തിന്റെ വിരലടയാളം വേണം. ഇത്തരത്തിൽ റേഷൻ വാങ്ങാൻ കഴിയാത്തവരുടെ കാർഡുകളും മരവിപ്പിച്ച ലിസ്റ്റിൽ ഉൾപ്പെടും. ഇതോടൊപ്പം അനർഹമായി സന്പാദിച്ച പിങ്ക്, മഞ്ഞ റേഷൻ കാർഡുകളെക്കുറിച്ചും അന്വേഷിക്കും.
അനർഹരായവരെ ഒഴിവാക്കി അർഹരായവരെ മുൻഗണന വിഭാഗത്തിൽ പെടുത്താനാണ് നടപടി. റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരു ഏക്കറിൽ കൂടുതൽ സ്ഥലം, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീട്, നാലുചക്ര വാഹനം, മാസവരുമാനം 25,000 രൂപയിൽ കൂടുതൽ എന്നിവ ഉണ്ടെങ്കിൽ ബിപിഎൽ കാർഡിന് അർഹതയില്ല.
കൂടാതെ കാർഡിൽ ഉൾപ്പെട്ട ആർക്കെങ്കിലും സർക്കാർ, പൊതുമേഖല, സ്വാശ്രയ സ്ഥാപനങ്ങളിൽ ജോലിയോ സർവീസ് പെൻഷനോ ഉണ്ടെങ്കിൽ മുൻഗണന കാർഡിന് അർഹതയില്ല. സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടറും അടങ്ങുന്ന സംഘം അടുത്ത ദിവസങ്ങളിൽ വീടുകളിൽ എത്തി പരിശോധന നടത്തും.