കോട്ടയം: ഓണ്‍ലൈനിൽ കുക്കർ വാങ്ങിയ ആൾക്ക് മഹീന്ദ്ര കന്പനിയുടെ 16 ലക്ഷത്തിന്റെ വാഹനം സമ്മാനം ലഭിച്ചെന്നു പറഞ്ഞ് കബളിപ്പിച്ച് 31,700 രൂപ തട്ടിയെന്നു പരാതി. ഓണ്‍ലൈനിൽ സാധനങ്ങൾ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ തട്ടിപ്പാണിതെന്നു കരുതുന്നു. നിലയ്ക്കൽ സ്വദേശി രതീഷ് എന്നയാളെയാണ് ആരോ കബളിപ്പിച്ചത്. കറുകച്ചാൽ പോലീസിൽ നല്കിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രതീഷ് ഓണ്‍ ലൈനിൽ 2000 രൂപ വിലയുള്ള കുക്കർ വാങ്ങി. ഇതിനു ശേഷം ഒരാൾ രതീഷിന്റെ ഫോണിലേക്ക് വിളിച്ച് കുക്കർ വാങ്ങിയതിന് എക്സ്യുവി 500 എന്ന വാഹനം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ, ഇൻഷ്വറൻസ് എന്നിവയ്ക്കായി 31,700 രൂപ അടയ്ക്കണമെന്നും വിശ്വസിപ്പിച്ചു. ”
പല തവണയായി തുക അടച്ചു. വിളിച്ചയാൾ പറഞ്ഞ അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വണ്ടി കിട്ടാതായപ്പോൾ മുൻപ് വിളിച്ച നന്പരിലേക്ക് വിളിച്ചപ്പോൾ നന്പർ നിലവിലില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതായി രീതീഷിന് മനസിലായത്. ഇതോടെയാണ് പോലീസിൽ പരാതി നല്‍കിയത്.