പോൾ മാത്യു
തൃശൂർ: ഖാദി വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കാർ ഉത്തരവ് കല്ലായി മാറിയ സംഭവം കേരളത്തിൽ മാത്രമേ ഉണ്ടാകയുള്ളൂ. തൃശൂർ കളക്ടറേറ്റിനുമുന്പിലാണ് വ്യവസായ വകുപ്പ് 2009ൽ ഇറക്കിയ ഉത്തരവ് കല്ലിൽ കൊത്തി വച്ചിരിക്കുന്നത്. എല്ലാവരും വായിക്കാനും നടപ്പാക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. എന്നാൽ ഉത്തരവ് “കല്ലായി’ മാത്രം അവശേഷിക്കുകയാണ്. ആരും ഉത്തരവ് നടപ്പാക്കുന്നില്ല.
കൈത്തറി, ഖാദി പ്രചാരണാർഥം എല്ലാ കേരളീയരും വാരാന്ത്യങ്ങളിൽ പരന്പരാഗത കൈത്തറി, ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന ഉത്തരവാണ് 2009 ജൂലൈ 20ന് സർക്കാർ പുറപ്പെടുവിച്ചത്. 2007ന്റെ പുലരിയിൽ കേരള സമൂഹത്തോടായി സർക്കാർ ഈ അഭ്യർഥന നടത്തിയിരുന്നു- ആഴ്ചയിൽ ഒരു ദിവസമെങ്കിലും കൈത്തറി, ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്ന്.
മിക്ക ഉദ്യോഗസ്ഥരും അവസരത്തിനൊത്തുയർന്നു. വിദ്യാലയങ്ങളിലും കൈത്തറി, ഖാദി യൂണിഫോം ധരിക്കണമെന്നും നിർദേശിച്ചു. എന്നാൽ ആ അഭ്യർഥനകൊണ്ടു മാത്രം കൈത്തറി പ്രസ്ഥാനം ഉദ്ദേശിച്ചത്ര വളർന്നില്ല. അതിനാലാണ് സർക്കാർ ഉത്തരവായി ഇറക്കുന്നതെന്ന് കല്ലിൽ കൊത്തിവച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ആണ്, പെണ്, ശിശു വ്യത്യാസമില്ലാതെ മുഴുവൻ കേരളീയരും വാരാന്ത്യങ്ങളിലെങ്കിലും കൈത്തറി, ഖാദി വസ്ത്രങ്ങൾ(മുണ്ട്, സാരി മറ്റു പരന്പരാഗത വേഷം) ധരിക്കുമെന്ന് സ്വയം പ്രതിജ്ഞയെടുക്കണമെന്നാണ് ഉത്തരവ്. വീട്ടിൽ കൈത്തറിയോ ഖാദിയോ മാത്രമേ ധരിക്കൂവെന്നു തീരുമാനിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ ഉത്തരവ് കല്ലായി നിൽക്കുന്നുവെന്നു മാത്രം.
2009ൽ ഉത്തരവിറങ്ങി കുറച്ചു നാൾ സർക്കാർ ഉദ്യോഗസ്ഥർ ഖാദി വസ്ത്രം ധരിച്ചെങ്കിലും പിന്നീട് അതൊക്കെ മറന്നു. മന്ത്രിമാർ പോലും ഈ ഉത്തരവ് പാലിക്കാറില്ല. തൃശൂർ കളക്ടറേറ്റിന്റെ മുന്പിൽ നോക്കുകുത്തി പോലെ നിൽക്കുന്ന ഉത്തരവു ഫലകം മാറ്റാൻ ചില ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും കളക്ടർമാർ അനുവദിച്ചില്ല.
സർക്കാരിന്റെ് ഈ ഉത്തരവ് നടപ്പാക്കിയാൽ തന്നെ കൈത്തറി, ഖാദി വ്യവസായം വളരുമെന്നതിൽ സംശയമില്ല. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത് നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനു പകരം ഖാദി ബോർഡ് ചെയർമാൻ മറ്റു കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഈ ഉത്തരവിറങ്ങിയപ്പോൾ അന്ന് സർക്കാരിനെ അഭിനന്ദിക്കാത്തവർ ആരുമുണ്ടായിരുന്നില്ല. കേരളത്തിലെ ഒരു പരന്പരാഗത വ്യവസായത്തിന് പുതുജീവൻ നൽകുന്ന ഇത്തരം നടപടികൾ ഇനിയും പല കാര്യങ്ങളിലും ഉണ്ടാകണമെന്നും അന്ന് പല പ്രമുഖരും പ്രതികരിച്ചിരുന്നു.