കൊടുങ്ങല്ലൂർ: സ്വകാര്യ ബസുടമയെയും മകനെയും ഡീസൽ ഒഴിച്ച് കത്തിക്കാൻ ശ്രമം. കൊടുങ്ങല്ലൂർ അഴീക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സബീന ബസ് സർവീസുകളുടെ ഉടമ എറിയാട് കറുകപ്പാടത്ത് അബ്ദുൾ റഹിമാൻകുട്ടി മകൻ കെ.എ. റഷീദ് (58), മകൻ റമീസ് (28) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ബസുകളുടെ സ്പെയർ പാർട്സുകൾ കഴുകാനുപയോഗിച്ച ഡീസലെടുത്ത് ഇരുവരുടെയും ദേഹത്ത് ഒഴിക്കുകയായിരുന്നു. സിഗരറ്റ് ലാന്പ് ഉപയോഗിച്ച് തീകൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇവർ രക്ഷപ്പെട്ടത്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം.
ബസുകളുടെ ഓട്ടംകഴിഞ്ഞ് അഴീക്കോട് വർക്ക്ഷോപ്പിൽ ഇരിക്കുന്പോൾ മറ്റൊരു ബസിന്റെ ഉടമ ആസാദ് എന്നയാളാണ് ഇവരെ ഡീസൽ ഒഴിച്ച് തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് ഭയപ്പെട്ടുപോയ റഷീദ് കൊടുങ്ങല്ലൂർ നഗരത്തിലെ സുഹൃത്തുകളെ വിവരം അറിയിച്ചതിനെത്തുടർന്ന് കൊടുങ്ങല്ലൂരിൽനിന്നും പോലീസ് എത്തി റഷീദിനെയും മകനെയും കൊടുങ്ങല്ലൂർ മോഡേണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റഷീദ് മർദിച്ചെന്ന് ആരോപിച്ച് കൊടുങ്ങല്ലൂരിലെ സുഹൈൽ ബസിന്റെ ഉടമയായ ആസാദ് വി.കെ.എസ്. പുരം മെഡികെയർ ആശുപത്രിയിൽ ചികിത്സതേടി. റഷീദിന്റെ പരാതിയെത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് ആസാദിനെ പ്രതിചേർത്ത് 308 വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.