ഭരണത്തിന്റെ 1000 ദിവസങ്ങള്‍ സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ സര്‍ക്കാരിന് വീണ്ടും തലവേദനയാവുകയാണ് ടിപി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. പരോളിലിറങ്ങിയുള്ള ഷാഫിയുടെ സുഖവാസമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.നേരത്തേ മുഖ്യപ്രതി കൊടി സുനി ജയിലിലിരിക്കെ സാമ്പത്തിക വിഷയങ്ങളില്‍ ക്വട്ടേഷനെടുത്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നതായും വ്യവസ്ഥ ലംഘിച്ച തലശ്ശേരി സ്വദേശിയെ പരോളിലിറങ്ങി ആക്രമിച്ചതിനു കേസെടുക്കുകയും ചെയ്തിരുന്നു.
ഇത്തരം വാര്‍ത്തകള്‍ക്കൊടുവിലാണ് കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിയും പാടിയുമുള്ള വീഡിയോ പ്രചരിക്കുന്നത്. സ്റ്റേജ് പ്രോഗ്രാമില്‍ പാട്ടിനൊപ്പം യുവതികള്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എവിടെയാണ് സംഭവമെന്ന് വ്യക്തമല്ലെങ്കിലും പരോളില്‍ പ്രതികളെല്ലാം സുഖവാസത്തിലാണെന്നു വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. നേരത്തേ, കൊടി സുനി പരോളിലിറങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറില്‍ വിനോദസഞ്ചാരത്തിനു പോയതായി വിവരമുണ്ടായിരുന്നു.
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ ഉന്നത നേതാവിന്റെ പിഎയായി ജോലി ചെയ്തിരുന്ന യാവാവിനൊപ്പമാണ് ഇവര്‍ മൂന്നാറില്‍ ദിവസങ്ങളോളം അടിച്ചുപൊളിച്ചത്. ഫസല്‍വധക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ കൊടി സുനി സാമ്പത്തിക പ്രശ്നം ജയിലില്‍ നിന്നു ക്വട്ടേഷനെടുത്ത് പരിഹരിച്ചതില്‍ ആകൃഷ്ടയായി മംഗലാപുരത്തെ ഒരു മലയാളി ഡോക്ടര്‍ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും അഭ്യൂഹമുണ്ടായിരുന്നു. ഇതിനുപുറമെ, മറ്റൊരു പ്രതി കിര്‍മാണി മനോജ് പരോളിലിറങ്ങി ഭര്‍തൃമതിയെ വിവാഹം ചെയ്തതു വാര്‍ത്തയായിരുന്നു. രണ്ടു കുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തതോടെ, ഭര്‍ത്താവ് നിയമനടപടിയുമായെത്തിയത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടെയാണ് ഷാഫിയുടെ നൃത്തച്ചുവടുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
നേരത്തേ, ഷാഫിയുടെ വിവാഹ ചടങ്ങില്‍ സിപിഎം നേതാവും തലശ്ശേരി എംഎല്‍എയുമായ എ എന്‍ ഷംസീര്‍ പങ്കെടുത്തത് വിവാദമായിരുന്നു. ടി പി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങിയാണ് ഷാഫി വിവാഹിതനായത്. കൊയിലാണ്ടിയില്‍ നടന്ന വിവാഹത്തില്‍ 2000ത്തോളം പേര്‍ പങ്കെടുക്കുകയും ഷാഫിയെ തുറന്ന കാറില്‍ ആനയിക്കുകയും ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. പ്രതികളുടെ സിപിഎം ബന്ധം പാര്‍ട്ടി നിഷേധിക്കുമ്പോള്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഇവരുടെ വിവാഹത്തിനുള്‍പ്പെടെ എത്തിയത് വിവാദമായപ്പോള്‍, മണ്ഡലത്തിലെ ഒരു വോട്ടറുടെ ക്ഷണപ്രകാരമാണ് വിവാഹത്തിനെത്തിയതെന്നായിരുന്നു ശംസീറിന്റെ മറുപടി. ഇതിനെല്ലാം അപ്പുറത്താണ്, ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി മുന്‍ അംഗം കുഞ്ഞനന്തന്‍ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും പരോളിലാണെന്ന വിവരം പുറത്തുവന്നത്.
അസുഖത്തിന്റെ പേരുംപറഞ്ഞാണ് കുഞ്ഞനന്ദനും പരോളെടുത്ത് പുറത്ത് വിലസുന്നത്. കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ വരെ നിയമപോരാട്ടം നടക്കുകയാണ്. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ പ്രതികള്‍ ഫേസ്ബുക്കില്‍ സജീവമായതും മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിക്കുന്നതും വാര്‍ത്തയായിരുന്നു.