മധ്യപ്രദേശിൽ ട്രെയിനിൽനിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ആളിനെ രക്ഷിക്കാൻ തോളിലെടുത്ത് റെയിൽവെ ട്രാക്കിലൂടെ പോലീസുകാരൻ ഓടിയത് ഒന്നരക്കിലോമീറ്റർ. അപകട സ്ഥലത്തുനിന്നും റെയിൽവെ സ്റ്റേഷൻവരെയുള്ള ഒന്നരക്കിലോമീറ്റർ ദൂരമാണ് പരിക്കേറ്റ ആളെ പോലീസുകാരൻ തോളിലെടുത്ത് ഓടിയത്. കോൺസ്റ്റബിൾ പൂനം ബില്ലോരെയാണ് സാഹസിക രക്ഷാപ്രവർത്തനം നടത്തി ഹീറോയായത്.
സമീപത്തെ ട്രാക്കിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു ബില്ലോരെയുടെ രക്ഷാപ്രവർത്തനം. അപകടം നടന്ന സ്ഥലത്തുനിന്നും ഒന്നരക്കിലോമീറ്ററോളം അകലെയായിരുന്നു റെയിൽവെ സ്റ്റേഷൻ. അപകടസ്ഥലത്തേക്ക് ആംബുലൻസ് എത്തപ്പെടുകയുമില്ല. ഇതേ തുടർന്ന് ബില്ലോരെ പരിക്കേറ്റ ആളെ തോളിലെടുത്ത് ഹോസംഗാബാദിലെ പഗ്ദഹൽ റെയിൽവെ സ്റ്റേഷൻ വരെ ഓടി.
പഗ്ദഹലിലെ ആശുപത്രിയിൽ പരിക്കേറ്റ ആളെ എത്തിക്കുക ആയിരുന്നു ലക്ഷ്യം. തലയ്ക്കു പരിക്കേറ്റ യാത്രക്കാരനെ ബില്ലോരെ പഗ്ദഹൽ റെയിൽവെ സ്റ്റേഷനിൽ എത്തിക്കുന്നതുവരെ മറ്റൊരാൾ സഹായത്തിനുണ്ടായിരുന്നില്ല. ഇയാൾ ഇപ്പോൾ അപകട നില തരണം ചെയ്തതായാണ് അറിയുന്നത്.