പത്തനംതിട്ട: വിദ്യാർഥികളാണ്… യൂണിഫോമിട്ടിട്ടുണ്ട്. പക്ഷെ, കൈയില്‍ പഠനോപകരണങ്ങളല്ല പകരം വില്പനയ്ക്കായി കുറേ മുട്ടകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയിലാണ് ഈ കൗതുക കാഴ്ച.
സ്കൂള്‍ പൗള്‍ട്രി ഫാമുകളില്‍ ഉത്പാദിപ്പിച്ചെടുത്ത മുട്ടകളുമായി മേളയിലെ താരങ്ങളാകുകയാണ് ഈ കുട്ടിക്കച്ചവടക്കാര്‍. പഠനഭാരത്തിന്റെ ക്ഷീണം മാറ്റി വച്ച് അവധിക്കാലം ആഘോഷത്തിന്റെയും, സമ്പാദ്യത്തിന്റെയും സമയമാക്കുകയാണ് ഇവര്‍. മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മുട്ട വില്ക്കാന് ഇവര്‍ പരസ്പരം മത്സരിക്കുകയാണ്.
കോഴിമുട്ടയ്ക്ക് ആറ് രൂപയും താറാവ് മുട്ടയ്ക്ക് ഏഴ് രൂപ നിരക്കിലുമാണ് മുട്ട വില്പന പൊടിപൊടിക്കുന്നത്. കുട്ടികളില്‍ പഠനത്തോടൊപ്പം സമ്പാദ്യശീലം വളര്‍ത്തുക, കൃഷി, മൃഗസംരക്ഷണം എന്നിവയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചതാണ് സ്കൂള്‍ പൗള്‍ട്രി ഫാമുകള്‍.
രണ്ട് വര്‍ഷത്തിനിടെ 115 സ്കൂളുകളിലായി 55 കുട്ടികള്‍ അടങ്ങുന്ന ഗ്രൂപ്പായാണ് ഫാമിന്റെ പ്രവര്‍ത്തനം. കുട്ടികള്‍ക്കായി പഠനക്ലാസുകളും അഞ്ച് കോഴികളും അവയ്ക്കുള്ള തീറ്റയും ഓരോ കുട്ടിക്കും മൃഗസംരക്ഷണ വകുപ്പ് നല്കി. ഇങ്ങനെ കുട്ടികള്‍ വളര്‍ത്തിയ കോഴികളുടെ മുട്ടകളാണ് വിപണനത്തിനായി എത്തിച്ചിട്ടുള്ളത്. മുട്ട വിറ്റ് കിട്ടുന്ന തുക പൂര്‍ണമായും കുട്ടികള്‍ക്ക് തന്നെ എടുക്കാം. മേളയുടെ പ്രധാന ആകര്‍ഷണമാണ് ഈ കുട്ടിക്കച്ചവടക്കാര്‍.