വൈക്കം: വൈക്കം ബോട്ടുജെട്ടിക്ക് സമീപം കുട്ടികളുടെ പാർക്കിനു മുൻവശത്തായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ മണിയോട് അധികൃതർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2015 ഓഗസ്റ്റ് 23നാണ് വഴിയോര ശിൽപം പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് വൈക്കം കായലോരത്ത് മണി സ്ഥാപിച്ചത്.
കൊച്ചി ബിനാലെയിൽ കോതനല്ലൂർ സ്വദേശി ജിജി സ്കറിയ അവതരിപ്പിച്ച ഇൻസ്റ്റലേഷനായിരുന്നു ഈ കൂറ്റൻ മണി. കാലത്തിന്റെ നിലയ്ക്കാത്ത പ്രവാഹത്തെ അടയാളപ്പെടുത്തുന്ന നാഴികമണി വൈക്കം സത്യഗ്രഹമടക്കമുള്ള സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭൂമികയായ വൈക്കത്ത് സ്ഥാപിക്കുന്നത് ഏറെ അർഥപൂർണമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൂറ്റൻമണി വൈക്കത്തേക്ക് മാറ്റി സ്ഥാപിച്ചത്.
മണിയിലെ സുഷിരങ്ങളിൽ നിന്നു ജലകണങ്ങൾ ഇറ്റുവീഴുന്ന വിധമാണ് ശിൽപത്തിന്റെ രൂപകൽപന. ജലകണങ്ങൾ മണിയിൽ നിന്നു പൊഴിയണമെങ്കിൽ മോട്ടോർ പ്രവർത്തിപ്പിക്കണം. എന്നാൽ മണിയുമായുള്ള വൈദ്യുതബന്ധം അധികൃതർ വേർപെടുത്തിയിരിക്കുന്നതിനാൽ ജലകണങ്ങൾ ഇറ്റുവീഴുന്നില്ല.
മൂന്ന് ഇരുന്പുതൂണുകളിലാണ് മണി ഘടിപ്പിച്ചിരിക്കുന്നത്. കായലിൽ ലവണാംശം വർധിക്കുന്ന സമയം ഓരുകാറ്റേറ്റ് തൂണുകൾ തുരുന്പിക്കുകയാണ്. കാലാകാലങ്ങളിൽ തുരുന്പുനീക്കി ഇരുന്പുതൂണുകളും മണിയും ചായംപൂശി മിഴിവുള്ളതാക്കണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടുവരികയാണെങ്കിലും അധികൃതർ അനുഭാവപൂർവം നടപടി സ്വീകരിക്കുന്നില്ല. വൈക്കം കായലോരത്തെ കൂറ്റൻ മണി പരിരക്ഷിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.