അപ്പു ജെ. കോട്ടയ്ക്കൽ
കൂത്താട്ടുകുളം: സഹജീവി സ്നേഹം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കി മാതൃകയാകുകയാണ് ഇലഞ്ഞി സ്വദേശി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും. ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡിൽ പെരിയപ്പുറം കവലയ്ക്കു സമീപം തങ്ങൾക്കുള്ള ഒരേക്കർ ഭൂമി ഭൂരഹിതരായ 16 കുടുംബങ്ങൾക്കു വീതിച്ചു നൽകിയാണ് ദന്പതികൾ മാതൃകയാകുന്നത്. 50 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തുവരുന്ന ദന്പതികൾ 1998-ൽ വാങ്ങിയ ഇൗ ഭൂമിക്ക് ഒരു കോടിയിലധികം രൂപ മതിപ്പുവില വരും.
ഭൂമി നൽകുന്നുവെന്നറിഞ്ഞു നൂറോളം അപേക്ഷകൾ ലഭിച്ചിരുന്നതായും അവരിൽനിന്ന് ഏറ്റവും അനുയോജ്യരായ 16 പേരെ കണ്ടെത്തുകയായിരുന്നെന്നും ഇവർ പറഞ്ഞു. സാന്പത്തിക പിന്നോക്കാവസ്ഥയും സ്വന്തമായി കിടപ്പാടം ഇല്ലാത്തവരെയുമാണ് പരിഗണിച്ചത്.
ഇവർക്കു സഹായഹസ്തവുമായി നിന്നത് മേരിയുടെ സഹോദരീപുത്രനും ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപത എക്സിക്യൂട്ടീവ് അംഗവും ഇലഞ്ഞി മേഖലാ പ്രസിഡന്റുമായ ബിജു തറമഠമാണ്.
സ്വിറ്റ്സർലൻഡ് പൗരത്വമുള്ള ഇവരുടെ കുടുംബം അവിടെ സ്ഥിരതാമസമാണ്. വർഷത്തിൽ ചുരുക്കം ദിവസങ്ങളിലാണ് ഇവർ നാട്ടിൽ തങ്ങുന്നത്. റിട്ടയേർഡ് അധ്യാപകനാണ് മാത്യു. ഇലഞ്ഞി അങ്ങാടിയത്ത് കുടുംബാംഗമായ മേരി റിട്ടയേർഡ് നഴ്സുമാണ്. മക്കളായ ഡോ. അജു, അഭിഭാഷകനായ ആനന്ദ് എന്നിവരും കുടുംബവും ഇവരോടൊപ്പമുണ്ട്.
ഭൂമി ലഭിക്കുന്നവർക്കു ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകണമെന്നു ത്രിതല പഞ്ചായത്ത് ഭാരവാഹികളോട് അഭ്യർഥിച്ചതായും മാത്യു പറഞ്ഞു. മാർച്ച് രണ്ടിനു പെരിയപ്പുറത്തു നടക്കുന്ന ചടങ്ങിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുടുംബങ്ങൾക്കു സ്ഥലത്തിന്റെ ആധാരം കൈമാറും. അനൂപ് ജേക്കബ് എംഎൽഎ, ജോസ് കെ. മാണി എംപി തുടങ്ങിയവർ പങ്കെടുക്കും. സത്കർമത്തിന് സാക്ഷികളാകുന്നതിനു മാത്യുവിന്റെ മക്കൾക്കൊപ്പം മരുമക്കളായ ലേഖ, ജെന്നി, ചെറുമക്കളായ പ്രിയ, നോവ, ഇന്ദിര മേരി എന്നിവരും നാട്ടിലെത്തും.